പ്ലസ് വണ്‍സീറ്റ് പ്രതിസന്ധി; മലബാറിനോട് അവഗണനയില്ലെന്ന് മന്ത്രി, പ്രശ്നപരിഹാരത്തിന് അധികസീറ്റ് അനുവദിക്കും

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ അടിയന്തര പരിഹാരവുമായി സർക്കാർ. ജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികള്‍ക്ക് പോലും പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന ഗുരുതര പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ കുറവനുസരിച്ചാകും പുതിയ സീറ്റുകൾ അനുവദിക്കുക. സപ്ലിമെന്ററി അലോട്ടിന് ശേഷം, 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.  അതേസമയം, സീറ്റു വിഷയവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു.

74014 കുട്ടികളാണ് ഇതുവരെ ജില്ലയില്‍ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 51443 പേർ പ്രവേശം നേടി. മറ്റ് ക്വാട്ടകളിൽ ആകെ 19165 സീറ്റുകളിൽ ഇപ്പോൾ ഒഴിവുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ മലപ്പുറത്തെ പ്രശ്നം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് പല ജില്ലകളിൽ നിന്നും 14 ബാച്ചുകൾ മലപ്പുറം ജില്ലകളിലേക്ക് മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റിൽ മലബാറിനോട് അവഗണനയില്ലെന്നും മന്ത്രി ആവർത്തിച്ചു. വിദ്യാർഥികളുടെ പ്രശ്നത്തിൽ രാഷ്ട്രീയം കാണരുത്. പ്രശ്നം പരിഹരിക്കപ്പെടും. കഴിഞ്ഞ വര്‍ഷവും പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. ആ പ്രശ്‌നം പരിഹാരം കാണുന്ന നിലപാടാണ് സ്വീകരിച്ചത്. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top