പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

ന്യൂഡൽഹി: പ്ലസ്‌ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ആറ് ആഴ്ച്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണം.  കെ എം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. 

അതേസമയം, ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആണല്ലോ ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകള്‍ ഇല്ലെങ്കിലും ഷാജിക്കെതിരെ പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഷാജിക്കെതിരെ സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണ് പരാതി നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാർ വാദിച്ചു. സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്‌ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2020 ലാണ് കേസ് രജിസ്‌റ്റ‌ർ ചെയ്‌തത്. എന്നാല്‍ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ട് വിജിലൻസ് എസ് പി ഷാജിക്കെതിരായ പരാതി തള്ളിയിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ നിയമോപദേശത്തിൽ വിജിലൻസ് വീണ്ടും അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാട്ടി ഷാജി നൽകിയ ഹ‌ർജി പരിഗണിച്ചാണ് വിജിലൻസ് എഫ്ഐആർ ഹെെക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.

തുടർന്ന് കെ എം ഷാജിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും ഹെെക്കോടതി റദ്ദാക്കിയിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയിരുന്നു. കെ എം ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top