പശുക്കടത്തുകാരന്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു കൊന്നത് പ്ലസ്‌ ടു വിദ്യാര്‍ത്ഥിയെ; അഞ്ച് പേര്‍ അറസ്റ്റില്‍

പശുക്കടത്തുകാരന്‍ എന്ന് തെറ്റിദ്ധരിച്ച് പ്ലസ്‌ ടു വിദ്യാര്‍ത്ഥിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഗോസംരക്ഷകര്‍ എന്നറിയപ്പെടുന്ന അഞ്ച്പേര്‍ ഹരിയാനയില്‍ അറസ്റ്റിലായി. ആര്യന്‍ മിശ്രയെന്ന 19കാരനാണ് ഫരീദാബാദില്‍ വെടിയേറ്റ്‌ മരിച്ചത്. ആര്യന്‍ മിശ്രയും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ 25 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പ്രതികള്‍ ആക്രമണം നടത്തിയത്. അറസ്റ്റിലായ അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരവ് എന്നിവരെ ആര്യന്റെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 23 ന് അർദ്ധരാത്രിയോടെയാണ് സംഭവം. നൂഡില്‍സ് കഴിക്കാനാണ് സുഹൃത്തുക്കളായ ഹർഷിത്, ഷാങ്കി എന്നിവർക്കൊപ്പം ആര്യൻ മിശ്ര ഡസ്റ്റര്‍ കാറില്‍ പുറപ്പെട്ടത്. ഡസ്റ്റർ, ഫോർച്യൂണർ എസ്‌യുവികൾ ഉപയോഗിച്ച് ചിലര്‍ പശുക്കടത്തലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതായാണ് പ്രതികള്‍ പറഞ്ഞത്. കാറിൽ ഉണ്ടായിരുന്ന പ്രതികൾ ഡസ്റ്റർ കണ്ടിട്ട് നിർത്താൻ ആംഗ്യം കാണിച്ചു. കാറിൻ്റെ പുറകിലായാണ് ഷാങ്കിയും രണ്ട് സ്ത്രീകളും ഇരുന്നത്. ഷാങ്കിയും ഹര്‍ഷിത്തും ഒരാളുമായി പ്രശ്നമുണ്ടായിരുന്നു. ഈ പ്രശ്നത്തില്‍ പോലീസ് ഷാങ്കിക്ക് എതിരെ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് തടയുന്നതെന്ന് ഭയന്ന ഇവര്‍ കാര്‍ ഓടിച്ചുപോയി.

കാറില്‍ ഉള്ളവര്‍ പശുക്കടത്തുകാരാണെന്ന് ഉറപ്പിച്ച പ്രതികള്‍ കാറിനെ പിന്തുടര്‍ന്നു. പൽവൽ ടോൾ പ്ലാസയിലെത്തിയപ്പോള്‍ പ്രതികൾ ഡസ്റ്ററിന് നേരെ വെടിയുതിർത്തു. ഡ്രൈവര്‍ സീറ്റിനു സമീപമിരുന്ന ആര്യനാണ് വെടി ഏറ്റത്. കാര്‍ നിര്‍ത്തിയ ശേഷവും അക്രമികള്‍ വീണ്ടും ആര്യന് നേരെ നിറയൊഴിച്ചു. ഇതാണ് മരണത്തില്‍ കലാശിച്ചത്. കാറില്‍ സ്ത്രീകളെ കണ്ടപ്പോഴാണ് പ്രതികള്‍ അബദ്ധം തിരിച്ചറിഞ്ഞത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി.

തോക്ക് കനാലിലേക്ക് വലിച്ചെറിഞ്ഞെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും അനിലിൻ്റെ വസതിയിൽ നിന്ന് തോക്ക് പോലീസ് കണ്ടെടുത്തു. അനധികൃതമായ തോക്കാണ് പിടിച്ചെടുത്തത്.

ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയിലെ ചാക്രിദാദ്രിയില്‍ കുടിയേറ്റ തൊഴിലാളിയെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാസികില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ഒരു വൃദ്ധനും കഴിഞ്ഞ ദിവസം ട്രെയിനിൽ ക്രൂരമർദനം ഏറ്റിരുന്നു. ഈ സംഭവത്തില്‍ റെയില്‍വേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top