വെള്ളാപ്പള്ളിക്കുമുണ്ട് കേന്ദ്രത്തിൽ പിടി; കൊച്ചുമകളുടെ അഞ്ചുമാസം മുൻപത്തെ വിവാഹത്തിന് ഡൽഹിയിൽ സൽക്കാരമൊരുക്കി മോദിയെ പങ്കെടുപ്പിച്ചു; എസ്എൻഡിപിയിലെ കുരുക്കിൽ നിന്നൂരാനും കേന്ദ്രസഹായം അനിവാര്യം

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംപറടിച്ചത് പോലെ വീണ്ടും മറ്റൊരു മലയാളി സൽക്കാരം. വെള്ളാപ്പള്ളി കുടുംബമാണ് അഞ്ചുമാസം മുൻപ് കഴിഞ്ഞ കൊച്ചുമകളുടെ വിവാഹത്തിൻ്റെ പേരിൽ ഇക്കഴിഞ്ഞയാഴ്ച ഡൽഹിയിൽ സൽക്കാരം ഒരുക്കി പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പെൺകുട്ടിയുടെ അച്ഛൻ തുഷാറും ഏറ്റവുമടുത്ത ബന്ധുക്കളും അടക്കം പത്തിൽ താഴെയാളുകൾ മാത്രം പങ്കെടുത്ത പരിപാടിയുടെ ഉന്നം പ്രധാനമന്ത്രി മാത്രമായിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞതോടെയാണ് കല്യാണനയതന്ത്രം എന്ന ആശയം വെള്ളാപ്പള്ളി കുടുംബത്തിൻ്റെ ആലോചനയിൽ വരുന്നത്. ഒട്ടുംവൈകാതെ തുഷാറും ഭാര്യയും അപ്പോയ്ൻമെൻ്റെടുത്ത് ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടു. കേരളത്തിലേക്ക് ഉടനെയൊരു വരവ് ഇക്കാര്യത്തിനായി ഉണ്ടാകില്ലെന്ന് ഉറപ്പായി. പോംവഴി ആലോചിച്ചാണ് ഒടുവിൽ ഡൽഹി സൽക്കാരം എന്ന ആശയത്തിലേക്ക് എത്തിയത്. അതിന് പ്രധാനമന്ത്രി തീയതി അനുവദിച്ചതോടെ എല്ലാം ഫൈനലൈസ് ചെയ്തു.

രണ്ടു പ്രശ്നങ്ങളാണ് വെള്ളാപ്പള്ളി കുടുംബത്തെ അലട്ടുന്നത്. എസ്എന്‍ഡിപി യോഗത്തിന് കമ്പനിയുടെ സ്വഭാവമായതിനാല്‍ അതിൻ്റെ തലപ്പത്തുള്ളവര്‍ക്ക് ഡിന്‍ നമ്പര്‍ അനിവാര്യമാണെന്ന് വന്നിരിക്കുകയാണ്. അതില്ലാത്തതിൻ്റെ പേരിൽ ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിക്കൊണ്ട് അടുത്തയിടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായിരുന്നു. ഇതോടെ ബോര്‍ഡ് പിരിച്ചുവിട്ട് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഈ ഹൈക്കോടതി ഉത്തരവ് വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടിയാണ്. അയോഗ്യതാ ഭീഷണിയാണ് മുന്നിലുള്ളത്. വിഷയം കോടതിയിൽ എത്തിയാൽ കേന്ദ്ര കമ്പനികാര്യ വകുപ്പിൻ്റെ നിലപാട് നിർണായകമാകും. പ്രത്യേകിച്ചും യോഗം തിരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയായിവരുന്ന സാഹചര്യത്തിൽ വെള്ളാപ്പള്ളിയുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും.

രണ്ടാമത് വിഷയം, തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വമാണ്. ലോക്സഭയിലേക്ക് ഇത്തവണ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മൽസരിച്ചേ മതിയാകൂ. വിവാഹസൽക്കാരത്തിനിടെ ഇക്കാര്യത്തിൽ ചർച്ച ഉണ്ടായില്ലെങ്കിലും അനുകൂലനിലപാട് ഉണ്ടാകുമെന്ന ഉറപ്പ് വെള്ളാപ്പള്ളിക്ക് കിട്ടിയിട്ടുണ്ട്. കേരളത്തിലെ എസ്എന്‍ഡിപി വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ണ്ണായകമാണ്. തൃശൂരില്‍ ബിജെപി വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഈ മേഖലയില്‍ ഈഴവ സമുദായത്തിന് മതിയായ വോട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പ്രധാനമന്ത്രിയും വെള്ളാപ്പള്ളി കുടുംബത്തിൻ്റെ സൽക്കാരത്തിന് പച്ചക്കൊടി കാട്ടിയത്. ഇതിനോട് അനുബന്ധിച്ച് അത്യാവശ്യം ചർച്ചകളും നടന്നു.

പ്രത്യക്ഷത്തിൽ വലിയ സൗഹൃദം ഉണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയായ ശേഷം പലപ്പോഴും പല വിവാദങ്ങളിലും വെള്ളാപ്പള്ളിക്ക് അനുകൂല നിലപാട് പിണറായി വിജയൻ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ 15 കോടിയുടെ മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിക്കഴിഞ്ഞു. വിഎസ് അച്യുതാനന്ദൻ പരാതിക്കാരനായ കേസിലാണ് പിണറായിക്കാലത്ത് വെള്ളാപ്പള്ളി കുറ്റവിമുക്തനാകുന്നത് എന്നത് ചെറിയകാര്യമല്ല. ഇതെല്ലാം തലയ്ക്കുമേലെ നിന്നത് കൊണ്ട് തന്നെയാണ് തുഷാർ അധ്യക്ഷനായ ബിഡിജെഎസിൽ നിന്ന് ഒരു കൈയ്യകലം പാലിച്ചാണ് വെള്ളാപ്പള്ളി മുന്നോട്ടുപോയത്. പോരാത്തതിന് ശബരിമല സ്ത്രീപ്രവേശനം അടക്കം വിവാദങ്ങളിൽ സർക്കാരിന് നിർലോഭപിന്തുണ കൊടുക്കുകയും ചെയ്തു. എന്നാലിനി അതിന് കഴിയില്ല. അത്രക്കാണ് എസ്എൻഡിപി യോഗത്തിലെ പ്രതിസന്ധി. അതിൽ കേന്ദ്രസഹായം അനിവാര്യമാണ്.

വിവാഹസൽക്കാരത്തിൻ്റെ സന്തോഷം ഫെയ്സ്ബുക്കില്‍ തുഷാര്‍ പങ്കുവയ്ക്കുകയും ചെയ്തു. “ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിന് ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.” ഇതിനൊപ്പം ചിത്രങ്ങളും പോസ്റ്റുചെയ്തു.

കൊല്ലം മുഖത്തല കണ്ണന്‍സില്‍ ഭരതന്‍ സുരേഷ് ബാബുവിൻ്റെയും കെ.എസ്.ഗീതയുടെയും മകന്‍ ഡോ.അനൂപ് ആണ് ദേവികയുടെ വരന്‍. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഓഗസ്റ്റിൽ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top