കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ… പക്ഷേ; ഒടുവിൽ ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചു

കാനഡയിൽ ഇന്ത്യ വിരുദ്ധരായ ഖലിസ്ഥാനികൾക്ക് അടിത്തറയുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ അവർ സിഖ് സമൂഹത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായിട്ടാണ് കാനഡയിൽ ഖാലിസ്ഥാൻ പ്രവർത്തനങ്ങൾ നടക്കുന്നതായി ട്രൂഡോ അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാർലമെൻ്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയായിരുന്നു ട്രൂഡോയുടെ പരാമർശം.
ALSO READ: ‘ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കാൻ ശ്രമം’; കനേഡിയൻ മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ
നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളായ കനേഡിയൻ പൗരൻമാരുണ്ട്. എന്നാൽ രാജ്യത്തെ മുഴുവൻ ഹിന്ദു സമൂഹവും മോദിയെ അംഗീകരിക്കുന്നില്ലെന്നും ട്രൂഡോ പറഞ്ഞു. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ ഈ ആഴ്ച ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ട്രൂഡോയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികൾ രംഗത്തെത്തിയിരുന്നു. കാനഡയിലുള്ള പൗരൻമാരുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
ALSO READ: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം
2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. കാനഡയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചു വിളിക്കുകയും ഇവിടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here