തുറന്ന കത്തുമായി പ്രധാനമന്ത്രി; പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണി പറയുന്നു; സോഷ്യല്‍ മീഡിയ വഴി എല്ലാവരിലും എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളാണ് ജനങ്ങള്‍ക്കുളള കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രിയ കുടുംബാംഗങ്ങളോട് എന്ന അഭിസംബോധനയില്‍ ആരംഭിക്കുന്ന കത്തില്‍ ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനം വലിയ നേട്ടമായി പറയുന്നു.
എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, ചികിത്സ ഉറപ്പാക്കുന്ന ആയുഷ് ഭാരത്, സ്ത്രീകളുടെ സുരക്ഷിതത്വത്തിന് നടപ്പാക്കിയ മാതൃവന്ദന യോജന എന്നിവ കൂടാതെ എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, എല്‍പിജി എന്നിവ ഉറപ്പാക്കിയതും വലിയ നേട്ടമായി പറയുന്നു. കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കിയെന്നും കത്തില്‍ അവകാശപ്പെടുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ വലിയ കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ആര്‍ട്ടിക്കിള്‍ 370ന്റെ ഭേദഗതിയും ജിഎസ്ടി നടപ്പാക്കിയതും നേട്ടമാണ്. സ്ത്രീസംവരണ ബില്‍ പാസാക്കിയതും മുത്തലാക്ക് അവസാനിപ്പിച്ചതും സ്ത്രീകളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം അഭിമാനമായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വികസിത ഭാരതം എന്ന സങ്കൽപ്പം നടപ്പാക്കുന്നതിന് ജനങ്ങളുടെ തുടര്‍ന്നുള്ള സഹായവും സഹകരണവും ആവശ്യമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം ജനങ്ങളുടെ പങ്കാളിത്തമാണ്. അതിനാല്‍ രാജ്യത്തിന്റെ വികസനത്തിനാവശ്യമായ പിന്തുണയുണ്ടെങ്കില്‍ രാജ്യം വലിയ നേട്ടങ്ങളിലെത്തുമെന്ന് ആത്മവിശ്വാസം പങ്കുവച്ചാണ് കത്ത് അവസാനിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here