കാനഡ പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തി ഇന്ത്യ; നിജ്ജാര്‍ വധത്തെ തുടര്‍ന്നുള്ള അസ്വാരസ്യം മൂർച്ഛിക്കുന്നു

ഇന്ത്യ-കാനഡ ബന്ധത്തില്‍ വീണ്ടും അസ്വാരസ്യം. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിലുള്ള കാനഡയുടെ അന്വേഷണത്തിലാണ് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചത്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ആരോപിച്ചത്. ഇന്ത്യയെ കരിവാരിത്തേക്കാനുള്ള നീക്കമാണ് കാനഡ നടത്തുന്നത് എന്നുമുള്ള കുറ്റപ്പെടുത്തലും ഇന്ത്യ നടത്തി.

നിജ്ജാറിന്റെ മരണത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ കുറിപ്പിലാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ചിട്ടുള്ളത്.

കാനഡ ഏതെങ്കിലും നടപടികളുമായി മുന്നോട്ടു പോയാല്‍ നടപടി കര്‍ക്കശമാക്കുമെന്ന മുന്നറിയിപ്പ് ഇന്ത്യ നല്‍കിയിട്ടുണ്ട്. നിജ്ജാര്‍ വധത്തെ തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായി തുടരവേയാണ് പുതിയ സംഭവവികാസങ്ങള്‍.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ നേതാവാണ്‌ ഹർദീപ് സിങ് നിജ്ജാര്‍. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഇയാളെ എന്‍ഐഎ അന്വേഷിക്കുകയും നിജ്ജാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് 2023 ജൂൺ 18ന് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ്‌ മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതരാണ് ഇയാളെ വെടിവെച്ച് വീഴ്ത്തിയത്. ഇതിന് ഇന്ത്യയെ കുറ്റപ്പെടുത്തി ട്രൂഡോ രംഗത്ത് വന്നതോടെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top