സുരേന്ദ്രന്റെ സ്‌നേഹ സന്ദേശ യാത്ര പൊളിഞ്ഞു; ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനത്തിനെതിരെ ബിഷപ്പുമാര്‍; ‘ഊതിക്കൊണ്ട് കഴുത്തറക്കുന്ന പരിപാടി’

ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് പരക്കെ വിമര്‍ശനം. വടക്കേ ഇന്ത്യയിയിലും മണിപ്പൂരിലും ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘ പരിവാര്‍ സംഘടനകള്‍ അക്രമങ്ങള്‍ നടത്തുന്നതിനെതിരെ മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രിയുടേത് നാടകവും ഇരട്ടത്താപ്പുമാണെന്നാണ് ചില ബിഷപ്പുമാരുടെ വിമര്‍ശനം.

‘ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി മതപരിവര്‍ത്തന നിരോധന നിയമം ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന്’ ബംഗലൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ആവശ്യപ്പെട്ടു. മതപരിവര്‍ത്തന നിയമം അങ്ങേയറ്റം വേദനിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ്. എന്തിനാണ് ക്രിസ്ത്യാനികളെ വിദേശികളായി കണക്കാക്കുന്നത്. കഴിഞ്ഞ 2000 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന ക്രൈസ്തവ മതത്തോടാണ് ഈ വിവേചനം. 12 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഇത്തരമൊരു നിയമം പാസാക്കിയത് എന്തിനാണെന്ന് ഇനിയും വിശദമാക്കാന്‍ തയ്യാറായിട്ടില്ല. ഇഷ്ടമുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് പോലും നിയമം തടസ്സം നില്‍ക്കുന്നു. നിയമം ഉപയോഗിച്ച് മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആതുര – വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തെ മതപരിവര്‍ത്തന നിരോധന നിയമ മുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മണിപ്പൂരില്‍ നടക്കുന്ന ആഭ്യന്തര ലഹളകള്‍ അവസാനിപ്പിക്കണം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും, ദലിതരും ഈ രാജ്യത്തെ പൗരന്മാരല്ലേ, ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹരല്ലന്നുണ്ടോ, ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയിലൂടെ ചോദിച്ചു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ കേസ് നല്‍കിയത് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ആണ്.

ഊതിക്കൊണ്ട് കഴുത്തറക്കുന്ന സമീപനമാണ് ബിജെപിയും പ്രധാനമന്ത്രിയും സ്വീകരിക്കുന്നതെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസന ബിഷപ്പ് യൂഹാനോര്‍ മാര്‍ മിലിത്തിയോസിന്റെ വിമര്‍ശനം. അങ്ങ് ഡല്‍ഹിയില്‍ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ..!’ -അദ്ദേഹം കുറിച്ചതിങ്ങനെയാണ്.

പാലക്കാട് പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭയും പ്രതികരിച്ചു. ആശങ്കപ്പെടുത്തുന്നതാണ് സ്ഥിതി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നും ഫാദര്‍ ആന്‍റണി വടക്കേക്കര പറഞ്ഞു. വടക്കേയിന്ത്യയിൽ ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ കേരളം വിട്ടുനിന്നു. മതേതരത്വത്തിന് വെല്ലുവിളിയാണ് ഇത്തരം കാര്യങ്ങളെന്നും സീറോ മലബാർ സഭ വ്യക്തമാക്കി

കേക്കും ആശംസകളുമായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ബിഷപ്പുഹൗസുകളിലും ക്രിസ്ത്യാനികളുടെ വീടുകളിലും സന്ദര്‍ശിക്കുന്ന ‘സ്‌നേഹ സന്ദേശ യാത്ര ‘ തുടങ്ങുന്നതിന് മുമ്പാണ് പാലക്കാട്ടും ആലപ്പുഴയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമണം ഉണ്ടായത്. ഈ അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായി.

പാലക്കാട് തത്തമംഗലം ചെന്താമര നഗര്‍ ജിബി യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. ചിറ്റൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് നല്ലേപ്പിള്ളി ഗവ യു പി സ്‌ക്കൂളില്‍ ക്രിസ് മസ് ആഘോഷങ്ങള്‍ക്കിടയില്‍ അധ്യാപകരേയും കുട്ടികളേയും വിശ്വഹിന്ദു പരിഷത്ത് സംഘടനയില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റിമാന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴ ഹരിപ്പാട് റോഡരികില്‍ നിന്ന് ക്രിസ്മസ് സന്ദേശം നല്‍കിയ പാസ്റ്ററന്മാരെ ആര്‍എസ്എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷാണ് മൂന്ന് പാസ്റ്ററന്മാരുടെ പ്രസംഗം തടസ്സപ്പെടുത്തി ഭീഷണി മുഴക്കിയത്.

ഒരു വശത്ത് ക്രിസ്ത്യന്‍ പ്രേമം നടിക്കുകയും മറുവശത്ത് ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനകള്‍ക്കുമെതിരെ ഭീഷണി മുഴക്കുന്ന സംഘപരിവാറിന്റെ ഇരട്ടത്താപ്പ് നയം ക്രൈസ്തവ സമൂഹം അംഗീകരിക്കില്ലെന്ന ഭയം ബിജെപിയെ അലട്ടുന്നുണ്ട്. നല്ലേപ്പിള്ളി സ്‌കൂള്‍ സംഭവത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അപലപിച്ചിട്ടുണ്ടെങ്കിലും ഈ പ്രസ്താവനയെ സഭകള്‍ കാര്യമായി എടുത്തിട്ടില്ല

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top