ഇന്ത്യ സഖ്യം അധികാരത്തിൽവന്നാൽ ഹിന്ദുവിനും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റ്; ഹിന്ദുത്വ കാര്‍ഡുമായി മോദി; ബജറ്റിന്റെ 15 ശതമാനം മുസ്‌ലിംകൾക്ക് കോണ്‍ഗ്രസ് നീക്കി വയ്ക്കും

മുംബൈ: ഇന്ത്യാസഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. ഇന്ത്യാ സഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകൾക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്ന് മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മുംബൈയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കെ മോദി ആരോപിച്ചു.

ഹിന്ദുത്വ കാര്‍ഡ് തന്നെയാണ് ഗുണം കാണുക എന്ന നിഗമനത്തിലാണ് കടുത്ത ഹിന്ദുത്വ കാര്‍ഡ് മോദി പുറത്തെടുക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് അദ്ദേഹം പ്രതികരിച്ചത്.

മോദിയുടെ വാക്കുകള്‍ ഇങ്ങനെ: “ബജറ്റിന്റെ 15 ശതമാനം മുസ്‌ലിംകൾക്കായി നീക്കി വയ്ക്കാന്‍ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്‌ലിംകൾക്കാണ് ആദ്യ അവകാശമെന്ന് കോൺ​ഗ്രസ് സർക്കാർ തുറന്നു പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇക്കാര്യം പറഞ്ഞ യോ​ഗത്തിൽ താനുമുണ്ടായിരുന്നു. അന്നു തന്നെ തന്റെ എതിർപ്പ് അറിയിക്കുകയും ചെയ്തു. ഇന്ത്യാ സഖ്യവും രാഹുൽ ​ഗാന്ധിയും മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. കർണാടക അവരുടെ പരീക്ഷണശാലയായിരുന്നു. സംസ്ഥാനത്തെ മുസ്‌ലിംകളെ ഒറ്റരാത്രികൊണ്ട് അവർ ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ ഇത് നടപ്പാക്കാൻ കോൺ​ഗ്രസ് പദ്ധതിയിട്ടിരുന്നു.” – പ്രധാനമന്ത്രി ആരോപിച്ചു.

മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗവും വിവാദമായി. “കോൺഗ്രസ് രാജ്യത്തിന്‍റെ സമ്പത്ത് മുസ്‌ലിം വിഭാഗങ്ങൾക്ക് നൽകുമെന്നായിരുന്നു പരാമർശം. ‘മുമ്പ്, അവര്‍ അധികാരത്തിലിരുന്നപ്പോള്‍, രാഷ്ട്രത്തിന്റെ സമ്പത്തില്‍ മുസ്‌ലിംകൾക്ക് ആദ്യ അവകാശമുണ്ടെന്ന് പറഞ്ഞിരുന്നു. അതിനര്‍ത്ഥം, അവര്‍ ഈ സമ്പത്ത് ആര്‍ക്ക് വിതരണം ചെയ്യുമെന്നാണ്? അവര്‍ അത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?” – മോദിയുടെ ഈ പ്രസംഗവും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top