കേന്ദ്രമന്ത്രി പദവിയ്ക്ക് പുറമേ കേരളത്തിന് ഒരു രാജ്യസഭാ സീറ്റ് കൂടി ലഭിച്ചേക്കും; സുരേന്ദ്രനോ തുഷാറിനോ നറുക്ക് വീണേക്കും; ശോഭയ്ക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി എന്ന് സൂചന
സുരേഷ് ഗോപി കേന്ദ്രമന്തിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകള്‍ ശക്തമായിരിക്കെ ഒരു രാജ്യസഭാംഗത്വം കൂടി ബിജെപി നേതൃത്വം കേരളത്തിന് നല്‍കിയേക്കും. തൃശൂരില്‍ ഒരു ലോക്സഭാ സീറ്റ് ലഭിക്കുകയും തിരുവനന്തപുരം സീറ്റ് തലനാരിഴയ്ക്ക് വഴുതിപ്പോവുകയും ചെയ്തതോടെ കേരളത്തെ പരിഗണിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ഇന്ന് നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളത്തെ പ്രത്യേകം പരാമർശിച്ചാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. ജമ്മു കശ്മീരിൽ പോലും സംഭവിക്കാത്ത അത്ര ക്രൂരതയാണ് കേരളത്തിൽ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് എന്നാണ് മോദി പറഞ്ഞത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനോ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കോ ആകും രാജ്യസഭാ സീറ്റ് നല്‍കുക.
രാജ്യസഭാ ഓഫര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആലപ്പുഴ ലോക്സഭാ സീറ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ ഉന്നത പദവി ലഭിച്ചേക്കും. ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ മത്സരിച്ച രാജീവ് ചന്ദ്രശേഖർ, അനില്‍ ആന്റണി, വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവര്‍ മണ്ഡലം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here