‘ശിവാജിയുടെ മുന്നില്‍ തലകുനിച്ച് മാപ്പ് പറയുന്നു’; പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് നരേന്ദ്ര മോദി

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവാജി മഹാരാജ് എന്നത് തനിക്ക് വെറുമൊരു പേരല്ല. ശിവാജിയെ ദൈവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വന്നിറങ്ങിയ നിമിഷം തന്നെ ശിവാജിയോട് ക്ഷമ ചോദിച്ചതായി മോദി പറഞ്ഞു.
ശിവാജിയെ ദൈവമായി കാണുന്നവര്‍ക്കുണ്ടായ വിഷമത്തിലും ക്ഷമ ചോദിക്കുന്നതായും മഹാരാഷ്ട്രയില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കി. പ്രതിമ തകര്‍ന്നുവീണ ശേഷം ആദ്യമായാണ് മോദി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവാജിയുടെ കൂറ്റന്‍ പ്രതിമ തിങ്കളാഴാഴ്ചയാണ് തകര്‍ന്നത്. നിലവാരം കുറഞ്ഞതും തുരുമ്പിച്ചതുമായ നട്ടും ബോള്‍ട്ടും ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകര്‍ന്നത്. പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തില്‍നിന്ന് ഒടിഞ്ഞുവീണ പ്രതിമ പലകഷണങ്ങളായി ചിതറിപ്പോയിട്ടുണ്ട്.
പ്രതിമ തകര്‍ന്നത് പ്രതിപക്ഷം വലിയ വിഷയമായി ഉയര്‍ത്തുന്നുണ്ട്. അഴിമതി എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയില്‍ ഈ വിഷയം രാഷ്ട്രീയ ആയുധമാകും എന്ന് മനസിലാക്കി തന്നെയാണ് മോദിയുടെ മാപ്പ് പറച്ചില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രതിമ നിര്‍മിച്ച സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here