നിരന്തരകലഹം ഒഴിവാക്കാൻ മോദി സമവായവഴി തേടുമോ; കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കർ പദവി കിട്ടുമോ?

ലോക്സഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഭയുടെ കീഴ്വഴക്കം അനുസരിച്ച് ഈ പദവി സാധാരണയായി പ്രതിപക്ഷത്തിനാണ് നൽകുന്നത്. ഇത്തവണ ബിജെപി ആ കീഴ്വഴക്കം മാനിക്കുമോ എന്നാണ് അറിയേണ്ടത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.

1990 മുതൽ 2014 വരെ പ്രതിപക്ഷത്തിനാണ് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിപ്പോന്നത്. 1952 മുതൽ 1969 വരെയുള്ള കാലയളവിൽ ആദ്യത്തെ നാല് ഡെപ്യൂട്ടി സ്പീക്കർമാർ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുള്ളവരായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയാൽ ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം ആകാമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ത്യാമുന്നണി അവരുടെ സ്പീക്കർ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷിനെ നിർദ്ദേശിച്ചിരുന്നു. വോട്ടെടുപ്പില്ലാതെ സ്പീക്കറായി ഓം ബിർലയെ തിരഞ്ഞെടുക്കുകയും ചെയ്തു.

കീഴ് വഴക്കം അനുസരിച്ച് ലോക്സഭയുടെ ഒന്നാം സമ്മേളനത്തിൽ തന്നെ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ലോക്സഭയിൽ (2019-24) ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ആരേയും നിയമിച്ചിരുന്നില്ല. അഞ്ചുകൊല്ലവും ആ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നിയമനങ്ങൾ നടത്തുന്നതിനുള്ള സമയപരിധി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല. ഇത് ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം വൈകിപ്പിക്കാനോ ഒഴിവാക്കാനോ സർക്കാരുകളെ സഹായിക്കും. എന്നാൽ ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായപ്രകാരം ആർട്ടിക്കിൾ 93, 178 എത്രയും വേഗം എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്. അതിനാൽ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കുന്നത് നിർബന്ധമാണെന്നും അത് എത്രയും വേഗം നടപ്പാക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ 95 (1) വകുപ്പിലാണ് ഡെപ്യൂട്ടി സ്പീക്കർ പദവിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. സ്പീക്കർക്കുള്ള എല്ലാ അധികാരങ്ങളും ഡെപ്യൂട്ടി സ്പീക്കർക്കുമുണ്ട്. സ്പീക്കറുടെ അഭാവത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ ആ പദവി വഹിക്കേണ്ടത്. 1956ൽ സ്പീക്കറായിരുന്ന ജി.വി.മാവ്ലങ്കർ കാലാവധി പൂർത്തിയാക്കും മുമ്പെ മരിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം.അനന്തശയനം അയ്യങ്കാരെ ശേഷിക്കുന്ന ഒരു വർഷക്കാലത്തേക്ക് സ്പീക്കറായി തിരഞ്ഞെടുത്ത കീഴ്വഴക്കവും ലോക്സഭയ്ക്കുണ്ട്. 1952 മുതൽ 2019 വരെ 14 പേർ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top