മാര്‍ ജോര്‍ജ് കൂവക്കാട്ടിൻ്റെ കര്‍ദിനാള്‍ പദവി അഭിമാനമെന്ന് പ്രധാനമന്ത്രി; ഇന്ത്യൻ പ്രതിനിധി സംഘം മാർപാപ്പയെ കണ്ടെന്നും മോദി
ആർച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് ഭാരതത്തിന് അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക എക്സ് പേജിലാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവെച്ചത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങിലേക്ക് അയച്ചു. ചടങ്ങുകള്‍ക്ക് മുമ്പ്, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പോസ്റ്റില്‍ കുറിച്ചു. പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചു.
മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉൾപ്പടെ 21 പേരെയാണ് ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്.
Also Read: സീറോ മലബാർ സഭയ്ക്ക് അഭിമാനനിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയില്‍
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്നാം സിംഗ് സന്ധു തുടങ്ങിയവർ അടങ്ങുന്നതാണ് പ്രതിനിധിസംഘം.
സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള വൈദികരും, വിശ്വാസികളും ഉൾപ്പെടെ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
നാളെ രാവിലെ മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും കാർമികത്വം വഹിക്കും. വൈകുന്നേരം സാന്ത അനസ്താസിയ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും സ്വീകരണ സമ്മേളനവും നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here