രാജ്യം സുരക്ഷിതമാണെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നത് സൈനികരെന്ന് പ്രധാനമന്ത്രി; മോദിയുടെ ദീപാവലി ആഘോഷം ഏറ്റെടുത്ത് ജനങ്ങൾ

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തികളിൽ ഒരിഞ്ച് സ്ഥലത്ത് പോലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ ബിഎസ്എഫ്, കര, നാവിക, വ്യോമസേന അംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷങ്ങൾക്ക് എത്തിയപ്പോഴാണ് മോദിയുടെ പ്രതികരണം.
ബിഎസ്എഫ് യൂണിഫോമിലെത്തിയ മോദി സൈനികർക്ക് മധുരം വിതരണം ചെയ്തു. കച്ചിലെ കോടേശ്വറിൽ വിമാനമിറങ്ങിയ ശേഷമാണ് സർ ക്രീക്ക് പ്രദേശത്തെ ലക്കി നാലയിൽ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി എത്തിയത്. മോദി പങ്കെടുത്ത ആഘോഷങ്ങൾക്ക് വൻ പിന്തുണയാണ് ആളുകൾ സോഷ്യൽ മീഡിയയിൽ നൽകുന്നത്. അതിർത്തിയിലെ ചൈനയുടെ പിൻമാറ്റം അടക്കം ചൂണ്ടിക്കാട്ടിയാണ് മോദിയേയും സൈനികരെയും ആളുകൾ അഭിനന്ദിക്കുന്നത്.
ഗുജറാത്തിലെ കച്ച് മേഖലയിലായിരുന്നു പ്രധാനമന്ത്രിയും സൈന്യവും ഒന്നിച്ച് ദീപാവലി ആഘോഷിച്ചത്. രാജ്യത്തെ സംരക്ഷിക്കുന്ന സൈനിക ശക്തിയിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നു. ശത്രുക്കളുടെ വാക്കുകളിലല്ല, സൈനികരുടെ ദൃഢനിശ്ചയത്തിലാണ് വിശ്വാസം. സൈന്യം കാരണം രാജ്യം സുരക്ഷിതമാണെന്ന് ജനങ്ങൾക്ക് തോന്നുന്നതായി പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here