മോദിയുമൊത്ത് ഉച്ചയൂണ്; പ്രേമചന്ദ്രന്‍ ബിജെപിയിലേക്കോ? സൈബര്‍ ആക്രമണങ്ങളിൽ കാര്യമില്ലെന്ന് എംപി മാധ്യമ സിൻഡിക്കറ്റിനോട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്തുള്ള ഇന്നലത്തെ ഉച്ചവിരുന്നിന് ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് യുഡിഎഫ് എംപി എന്‍.കെ.പ്രേമചന്ദ്രൻ നേരിടുന്നത്. പ്രതിപക്ഷ നേതാക്കളും വിരുന്നിനെച്ചൊല്ലി പ്രേമചന്ദ്രന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്നാണ് സിപിഎം എംപി എളമരം കരീം ആക്ഷേപിച്ചത്. ബിജെപിക്കും മോദിക്കുമെതിരെ വാ തുറക്കാത്ത എംപി ബിജെപിയിലേക്കോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും ശക്തമാണ്.
ഇന്നലെ ഉച്ചക്കാണ് എന്‍.കെ.പ്രേമചന്ദ്രന്‍ അടക്കം 8 എംപിമാര്‍ പ്രധാനമന്ത്രിക്ക് ഒപ്പം പാര്‍ലമെന്റ് ക്യാന്റീനില്‍ ഉച്ചവിരുന്നില്‍ പങ്കെടുത്തത്. വിരുന്ന് വിവാദമായിരിക്കെ, തനിക്ക് എതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് പ്രേമചന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു. “രാഷ്ട്രീയമില്ലാത്ത ഉച്ചയൂണിനാണ് മോദിക്കൊപ്പം കൂടിയത്. രാഷ്ട്രീയം മോദിയോ ഞങ്ങളോ സംസാരിച്ചതേയില്ല. പിന്നെ എന്തിന് വിമര്‍ശനം ഉയരണം”-പ്രേമചന്ദ്രന്‍ പറഞ്ഞു.
“തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അങ്ങോട്ട് ചെല്ലണം എന്നാവശ്യപ്പെട്ട് ക്ഷണം ലഭിക്കുന്നത്. പിഎം കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ ‘വരൂ, നിങ്ങള്‍ക്കെല്ലാം ഒരു ശിക്ഷ നല്‍കാനുണ്ട്’ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഞങ്ങളെ ക്ഷണിച്ചത്. നേരെ ലിഫ്റ്റില്‍ കയറി പോയത് പാര്‍ലമെന്റ് ക്യാന്റീനിലേക്കാണ്. മറ്റുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോഴാണ് ഞങ്ങളും ഭക്ഷണം കഴിച്ചത്. ഒരു രഹസ്യസ്വാഭാവവുമില്ലാത്ത, ഒരു മണിക്കൂറോളമുള്ള ഉച്ചഭക്ഷണവും സംസാരവുമാണ് അവിടെ നടന്നത്. പ്രധാനമന്ത്രിയാണ് ഈ വീഡിയോയും വാര്‍ത്തയും പുറത്തുവിട്ടത്.”
എട്ടുപേരെ മാത്രം പ്രത്യേകമായി ക്ഷണിച്ചതാണെന്ന് എനിക്കോ ഒപ്പമുണ്ടായിരുന്ന മറ്റ് എംപിമാര്‍ക്കോ അറിയുമായിരുന്നില്ല. മോദി ആദ്യമായാണ് പുതിയ പാര്‍ലമെന്റ് ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. എനിക്ക് അവിടെ നിന്നും ലഞ്ച് കഴിക്കണമെന്നുണ്ട്. അതിനാണ് എന്റൊപ്പം ക്ഷണിച്ചത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മോദിയുടെ വ്യക്തി ജീവിതം, യോഗ, സൂര്യന്‍ അസ്തമിച്ചാല്‍ ഭക്ഷണം കഴിക്കാത്ത രീതി എന്നീ കാര്യങ്ങളാണ് ഞങ്ങളോട് സംസാരിച്ചത്. ആരെങ്കിലും കാണാന്‍ വന്നാല്‍ ആ സമയത്ത് ഒരു ഫോണ്‍ കോള്‍ പോലും അറ്റന്‍ഡ് ചെയ്യാറില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ശ്രദ്ധ മാറിപ്പോകും. അത്രമാത്രം ശ്രദ്ധയാണ് എന്നെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് നല്‍കുന്നത്. ഇങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങളാണ് മോദി സംസാരിച്ചത്.
ഈ വിരുന്ന് കഴിഞ്ഞ് എത്തിയയുടനാണ് മോദി സര്‍ക്കാരിന്റെ ധവളപത്രത്തെ ഞാന്‍ രൂക്ഷമായി വിമർശിച്ചത്. ബിജെപി അംഗങ്ങൾ എനിക്കെതിരെയും പരാമർശങ്ങൾ നടത്തി. സൌഹൃദവും രാഷ്ട്രിയവും രണ്ടാണ്, കൂട്ടിക്കുഴക്കേണ്ട കാര്യമില്ലല്ലോ. പ്രതിപക്ഷത്തിന് വേണ്ടിയുള്ള ബദല്‍ പ്രമേയം അവതരിപ്പിച്ച് ഞാന്‍ തന്നെയാണ് സംസാരിച്ചത്. ഇപ്പോഴത്തെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും വെറുതെയാണ്”-എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here