ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രി; സുരേഷ് ഗോപി അടക്കം രണ്ട് മന്ത്രിമാര്‍; കുര്യന്റെ പേര് വന്നത് തീര്‍ത്തും അപ്രതീക്ഷിതം; കേരളത്തിനു ലഭിക്കുന്നത് മികച്ച പ്രാതിനിധ്യം

നരേന്ദ്ര മോദി മൂന്നാം മന്ത്രിസഭയില്‍ കേരളത്തിന് മികച്ച പ്രാതിനിധ്യം. സുരേഷ് ഗോപിയെ കൂടാതെ ബിജെപി നേതാവ് ജോര്‍ജ് കുര്യനും മന്ത്രിയാവുന്നു. സുരേഷ് ഗോപി മന്ത്രിയാവുമെന്നു മുന്‍‌കൂട്ടി സൂചനകള്‍ വന്നിരുന്നു. എന്നാല്‍ പൊടുന്നനെയാണ് സുരേഷ് ഗോപിക്ക് ഒപ്പം ജോര്‍ജ് കുര്യന്റെ പേര് കൂടി ഉയര്‍ന്നുവന്നത്. കേരളത്തിന് മികച്ച പ്രാതിനിധ്യം നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ക്രിസ്ത്യന്‍ സഭകളെ കൂടെ നിര്‍ത്താനുള്ള മികച്ച നീക്കമാവുകയാണ് സ്വീകാര്യതയുള്ള നേതാവായ കുര്യന് ലഭിച്ച മന്ത്രിപദം.

ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം കേരളത്തിലെ ബിജെപി ജനറല്‍ സെക്രട്ടറിയായി തുടരുകയായിരുന്നു. ചാനല്‍ ചര്‍ച്ചകളിലെ സജീവ മുഖമായിരുന്നു. ക്രിസ്ത്യന്‍ സഭകളും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക കണ്ണിയാണ് സിറോ മലബാര്‍ സഭാംഗമായ കുര്യന്‍. അതുകൊണ്ട് തന്നെയാണ് ജോര്‍ജ് കുര്യനെ പരിഗണിച്ചതെന്നാണ് സൂചന. കേന്ദ്ര നേതാക്കളുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഹിന്ദിയും ഇംഗ്ലീഷും നല്ലപോലെ വഴങ്ങുന്ന നേതാവ് കൂടിയാണ് കുര്യന്‍. യുവമോര്‍ച്ചയില്‍ കൂടിയാണ് പാര്‍ട്ടിയില്‍ കുര്യന്‍ ഉയര്‍ന്നുവന്നത്.

മോദി നേരിട്ട് വിളിച്ചതിനെ തുടര്‍ന്ന് സുരേഷ് ഗോപി രാവിലെ ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുണ്ട്. എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top