മോദി യുക്രെയ്നിലേക്ക്; റഷ്യ പിണങ്ങുമോ? കാത്തിരുന്ന് കാണാം…

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കും. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം ഓ​ഗസ്റ്റ് 23-നാണ് സന്ദർശനം. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. യുക്രെയ്ൻ കൂടാതെ, പോളണ്ടും പ്രധാനമന്ത്രി സന്ദർശിക്കും. ഓ​ഗസ്റ്റ് 21, 22 തീയതികളിലാണ് സന്ദർശനം. മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ യുക്രെയ്ൻ പ്രസിഡന്റ് കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഇനി യുക്രെയ്ന്‍ സന്ദര്‍ശന വാർത്തകൾ പുറത്തുവരുമ്പോൾ റഷ്യയുടെ പ്രതികരണം എന്താകുമെന്ന് വിദേശകാര്യ വൃത്തങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മോദിയുടെ സന്ദര്‍ശനം യുക്രെയ്ൻ പ്രസിഡന്റിന്‍റെ ഓഫീസും ഇന്ന് സ്ഥിരീകരിച്ചു. “ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശമാണ്. ഇത് ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയ ചരിത്രം കുറിക്കും.” – സന്ദേശത്തില്‍ അവര്‍ കുറിച്ചു.

30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. റഷ്യയുമായും യുക്രെയ്നുമായും ഇന്ത്യക്ക് സ്വതന്ത്രമായ ബന്ധമുണ്ട്. ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്‌ൻ സംഘര്‍ഷം ചര്‍ച്ചയാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജൂലൈയില്‍ മോദി റഷ്യ സന്ദർശിച്ചിരുന്നു.അതിനു പിന്നാലെയാണ് യുക്രെയ്ൻ സന്ദര്‍ശനം. റഷ്യന്‍ സന്ദര്‍ശനവേളയില്‍ മോദി റഷ്യന്‍ പ്രസിഡന്റ് പുടിനെ ആലിംഗനം ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെ‍‍ൻസ്കി മുന്നോട്ടുവന്നിരുന്നു. മോദി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

2022ൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ-റഷ്യ ബന്ധത്തിന് ഒരിളക്കവും തട്ടിയിട്ടില്ല. റഷ്യയുമായി ബന്ധം തുടരുമ്പോള്‍ തന്നെ അതേ സൗഹൃദം തന്നെയാണ് യുക്രെയ്ൻ ചേരിയിലുള്ള രാജ്യങ്ങളുമായി ഇന്ത്യ തുടരുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top