മോദി വയനാട്ടില്‍ ചിലവഴിക്കുക മൂന്ന് മണിക്കൂര്‍; വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷ
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് കേന്ദ്രസഹായം പ്രഖ്യാപിക്കുമെന്ന ആകാംക്ഷയിലാണ് കേരളം. ദുരന്തത്തെ എല്‍ 3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എങ്കില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കേന്ദ്രസഹായം ലഭിക്കും. നാളെ പ്രധാനമന്ത്രിയോട് 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെടാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
മൂന്ന് മണിക്കൂര്‍ നേരം പ്രധാനമന്ത്രി വയനാട്ടില്‍ ഉണ്ടാകുമെന്നാണ് എസ്പിജി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 11.20ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ പ്രധാനമന്ത്രി എത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. അവിടെ നിന്നും ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് പോകുന്നത്. ഇതിനായി മൂന്ന് വ്യോമസേന ഹെലികോപ്റ്ററുകള്‍ കണ്ണൂരിലെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായാല്‍ റോഡ് മാര്‍ഗം പോകാനായി ബുള്ളറ്റ്പ്രൂഫ് കാറുകളും എത്തിച്ചു. പ്രധാമന്ത്രിക്കൊപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വയനാട്ടിലേക്ക് എത്തുന്നുണ്ട്. കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററുകള്‍ ഇറങ്ങുക. കല്‍പറ്റ റെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷമാകും മോദി ദുരന്ത മേഖലയിലേക്ക് എത്തുക.
ദുരന്തമേഖലയില്‍ സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലം വരെയാകും മോദി സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പും കളക്ടറേറ്റും സന്ദര്‍ശിക്കും. നിലവില്‍ വയനാട്ടിലെ സുരക്ഷ എസ്പിജി ഏറ്റെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ അടക്കം നിരീക്ഷണ പറക്കലുകള്‍ നടത്തി. വൈകിട്ട് മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. 3.45ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങുകയും ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here