ഇന്ന് ഇന്ദിര സർക്കാര്‍ ആയിരുന്നുവെങ്കില്‍ 12 ലക്ഷം വരുമാനമുള്ളവര്‍ 10 ലക്ഷം നികുതി അടയ്ക്കേണ്ടി വരുമായിരുന്നുവെന്ന് പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ ആർകെ പുരത്ത് നടന്ന പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കടന്നാക്രമണം.
കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയേയും നികുതി നയങ്ങളെ അതിരൂക്ഷമായാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
ഇന്ന് ഇന്ദിരാഗാന്ധി അധികാരത്തിലിരുന്നെങ്കിൽ പ്രതിവർഷം 12 ലക്ഷം രൂപ വരുമാനമുള്ളവർ 10 ലക്ഷം രൂപ നികുതിയായി നൽകേണ്ടി വരുമായിരുന്നു, ഇന്ദിരയുടെ കാലത്തെ നികുതി ഘടനയാണ് മോദി ചൂണ്ടിക്കാട്ടിയത്. പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഈ ബജറ്റോടെ ഒഴിവാക്കിയിട്ടുണ്ട്. മോദി പറഞ്ഞു. ആദായനികുതി ഇളവ് നൽകുന്ന 2025-26 ലെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മോദി രംഗത്തുവന്നത്.
“ജവഹർലാൽ നെഹ്‌റുവിൻ്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിൻ്റെ നാലിലൊന്ന് നികുതിയായി പോകുമായിരുന്നു. ഇന്ന് ഇന്ദിരാഗാന്ധിയുടെ സർക്കാർ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ 12 ലക്ഷം രൂപ ശമ്പളത്തിൽ 10 ലക്ഷം രൂപ നികുതിയായി സര്‍ക്കാരിനു പോകുമായിരുന്നു. വെറും 10-12 വർഷം മുമ്പ്, കോൺഗ്രസ് ഭരണകാലത്ത്, നിങ്ങൾക്ക് 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ, 2,60,000 രൂപ നികുതി നല്‍കേണ്ടി വരുമായിരുന്നു.”
“1970 കളിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തി, 1970 ൽ 93.5% എത്തി, 1973-74 ൽ 97.5% ആയി നികുതി ഉയർന്നു. ഈ നയങ്ങൾ സമ്പത്ത് സൃഷ്ടിക്കുന്നത് തടയുകയും മധ്യവർഗത്തെ തകര്‍ക്കുകയും ചെയ്തു.” – മോദി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here