കേരളത്തിന് മോദിയുടെ പരോക്ഷ മറുപടി; ‘ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം’ വാദം രാജ്യത്തിന്‍റെ ഭാവിയെ ബാധിക്കുന്നത്

ഡല്‍ഹി: കേന്ദ്ര അവഗണനക്കെതിരെ കേരളം നാളെ ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്താനിരിക്കെ കേരളത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി. “സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാനും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുമാണ് ശ്രമിക്കുന്നത്. കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ടു. ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം രാജ്യത്തിന്‍റെ ഭാവിയെ ബാധിക്കുന്നതാണ്. വികസനത്തിന്‍റെ കാര്യത്തില്‍ ആരോഗ്യകരമായ മല്‍സരമാണ് വേണ്ടത്. രാജ്യത്തെ ഭിന്നിച്ച് കാണരുത്”-മോദി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര അവഗണനക്ക് എതിരെ കര്‍ണാടകയും ഇന്ന് ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു.

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ നാളത്തെ സമരം അര്‍ഹമായത് നേടിയെടുക്കാനാണെന്നാണ്‌ ഇന്നത്തെ ഡല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. “സമരത്തിന് രാഷ്ട്രീയ നിറം നല്‍കരുത്. കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ പീഡനം നേരിടുന്നു. രാജ്യമാകെ സമരത്തില്‍ അണിചേരുമെന്നാണ് പ്രതീക്ഷ”-മുഖ്യമന്ത്രി പറഞ്ഞു.

“പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം അട്ടിമറിച്ചു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടായി. റവന്യൂകമ്മി ഗ്രാന്‍ഡുകളും ഇല്ലാതെയാക്കി. 8,400 കോടി രൂപ കുറഞ്ഞു. ലൈഫ് മിഷനിലൂടെയുള്ള വീടുകള്‍ കേന്ദ്രത്തിന്റേതാക്കാന്‍ ശ്രമിക്കുന്നു. വീടുവയ്ക്കാനുള്ള 87.83 ശതമാനം തുകയും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സില്‍വര്‍ ലൈനില്‍ കേരളത്തോട് വിവേചനം തുടരുന്നു”-മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top