ഫയൽ കൈമാറിയതുകൊണ്ടു മാത്രം ജോലി തീരുന്നില്ല; കേന്ദ്ര മന്ത്രിമാരെ ഓർമിപ്പിച്ച് നരേന്ദ്ര മോദി
രാജ്യത്തെ ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് മൂന്നാമതും ബിജെപി സർക്കാരിനെ അധികാരത്തിൽ എത്തിച്ചതെന്ന് കേന്ദ്ര മന്ത്രിമാരെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരുകൾ വരികയും പോവുകയും ചെയ്യും, എന്നാൽ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ഡൽഹിയിൽ നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിൽ മോദി പറഞ്ഞു.
നിരവധി പരാതികൾ പല മന്ത്രാലയങ്ങളിലേക്കും എത്താറുണ്ട്. എന്നാൽ, പല കേസുകളിലും തുടർനടപടികൾക്കായി അവ സംസ്ഥാനങ്ങളിലേക്ക് റഫർ ചെയ്യുന്നു. ഒരു കേന്ദ്രമന്ത്രിയുടെ ജോലി അവിടെ അവസാനിക്കുമോ? “പരാതിയുടെ ഫയൽ നിങ്ങളുടെ മേശയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറിയതുകൊണ്ട് മാത്രം നിങ്ങളുടെ ഉത്തരവാദിത്തം തീരുന്നില്ല. പരാതി പരിഹരിക്കേണ്ട സ്ഥലത്ത് എത്തിച്ചാൽ മാത്രമേ നിങ്ങളുടെ ജോലി പൂർത്തിയാകൂവെന്ന് മോദി പറഞ്ഞു.
എല്ലാ ആഴ്‌ചയും ജനങ്ങളുടെ പരാതികൾ പരിഹരിച്ചിട്ടുണ്ടോ എന്നറിയാനായി ഒരു സംവിധാനം രൂപപ്പെടുത്താനും മോദി നിർദേശിച്ചു. ആഴ്ചയിൽ ഒരു ദിവസം എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും പരാതികൾ പരിഹരിക്കുന്നതിനായി മാറ്റിവയ്ക്കണം. പരാതികൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രമന്ത്രിമാർക്ക് മാത്രമല്ലെന്നും, സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും ഒപ്പം ചേർന്ന് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
ഈ സംവിധാനത്തെ നിരീക്ഷിക്കാനും സംസ്ഥാന മന്ത്രിമാരുടെ ഇടപെടൽ സംബന്ധിച്ച് മേൽനോട്ടം വഹിക്കാനും പ്രധാനമന്ത്രി മുതിർന്ന കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ ഏൽപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നാല് കോടിയിലധികം പരാതികൾ പരിഹരിച്ചതായി പ്രധാനമന്ത്രി മോദി ഉദാഹരണമായി ചൂണ്ടിക്കാട്ടി. മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ കാലത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here