പത്ത് വര്‍ഷത്തെ മോദി ഭരണകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ 4316 ആക്രമണങ്ങള്‍; ന്യൂനപക്ഷ വേട്ടക്കെതിരെ നടപടിയില്ലെന്ന് യുസിഎഫ്

രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഭയാനകമാം വിധം വര്‍ദ്ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (UCF) കണക്കുകള്‍. 2023 ല്‍ നടന്നതിനേക്കാള്‍ 100 അക്രമസംഭവങ്ങള്‍ കൂടി 2024ല്‍ സംഭവിച്ചെന്നാണ് യുസിഎഫ് പുറത്തുവിട്ട പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള 834 അതിക്രമങ്ങള്‍ 2024ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി എന്നാണ് യുസി എഫിന്റെ ഹെല്‍പ്പ് ലൈനില്‍ ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ ഹിന്ദുത്വ ശക്തികള്‍ ക്രൈസ്തവ വേട്ട തുടരുകയാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിച്ച് കളയുന്നതും പതിവ് സംഭവമായി മാറുകയാണ്. മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവാണ്. കുറ്റവാളികള്‍ക്കെതിരെ പരാതിപ്പെട്ടാലും പോലീസ് നടപടി എടുക്കാറില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 835ല്‍ അധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,682 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.

ALSO READ : പോലീസിനെ ഉപയോഗിച്ച് യുപിയില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ നേരിട്ട സോനു സരോജ്; നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭരണകൂടമെന്ന് വിമര്‍ശനം

യുസിഎഫിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം രണ്ട് ക്രൈസ്തവര്‍ രാജ്യത്ത് മതത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്നുണ്ട്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുസിഎഫ് 2014 മുതല്‍ 2024 വരെയുള്ള 10 വര്‍ഷം സംഭവിച്ച അക്രമങ്ങളുടെ കണക്കുകളും പുറത്ത് വിട്ടിട്ടുണ്ട്. ഓരോ വര്‍ഷവും അക്രമസംഭവങ്ങള്‍ കുത്തനെ കൂടുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ക്രൈസ്തവര്‍ക്ക് നേരെ 4316 അക്രമസംഭവങ്ങള്‍ നടന്നതായാണ് യുസിഎഫ് പുറത്ത് വിട്ട ഡേറ്റ വ്യക്തമാക്കുന്നത്.
2014 മുതല്‍ 2024 വരെയുള്ള അക്രമസംഭവങ്ങളുടെ എണ്ണം

  • 2014: 127
  • 2015: 142
  • 2016: 226
  • 2017: 248
  • 2018: 292
  • 2019: 328
  • 2020: 279
  • 2021: 505
  • 2022: 601
  • 2023: 734
  • 2024: 834

2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ കേവലം 2.32 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആസ്ഥാനത്ത് ഒരുക്കിയ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മണിപ്പൂരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ പോലും ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചതായി കാണുന്നില്ല.

ALSO READ : ക്രിസ്മസ് പ്രാര്‍ത്ഥന തടയാന്‍ പള്ളിക്ക് മുന്നില്‍ ജയ്ശ്രീറാം മുഴക്കി ഹിന്ദുത്വ ശക്തികള്‍; കിന്റര്‍ഗാര്‍ട്ടന്‍ കുഞ്ഞുങ്ങള്‍ക്കും ഭീഷണി; ക്രൈസ്തവവേട്ട നിര്‍ബാധം

2022ല്‍ മാത്രം 89 പാസ്റ്റര്‍മാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. 68 പള്ളികള്‍ തകര്‍ത്തു.127 ആക്രമണങ്ങളില്‍ 82 എണ്ണവും സംഘടിത കലാപങ്ങള്‍ക്ക് സമാനമായിരുന്നു. ഈ വര്‍ഷം ക്രിസ്മസിന് ദിനത്തിലും പിന്നീടും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ : ക്രിസ്മസ് ദിനത്തിലും ക്രിസ്ത്യാനികള്‍ക്ക് രക്ഷയില്ല; വ്യാപക സംഘപരിവാര്‍ അക്രമങ്ങള്‍; സാന്റാക്ലോസിന്റെ വേഷമിട്ട സൊമാറ്റോ ജീവനക്കാരനും മര്‍ദനം

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വെളിപ്പെടുത്തിയിരുന്നു. 2014-നു ശേഷം ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെക്കുറിച്ചുള്ള ആശങ്ക മോദിയുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്നും മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മോദി താന്‍ പറഞ്ഞതിനെ ശക്തമായി എതിര്‍ത്തുവെന്നും ഇന്ത്യ എപ്പോഴും മതസഹിഷ്ണുതയുടെ ഭൂമിയായിരുന്നുവെന്ന് വാദിച്ചതായും മെര്‍ക്കലിന്റെ ‘ഫ്രീഡം: മെമോയേഴ്സ് 1954-2021’ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. എന്നാല്‍ മോദിയുടെ മറുപടിയോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് മെര്‍ക്കല്‍ തുറന്നടിച്ചു. മതസ്വാതന്ത്ര്യമാണ് എല്ലാ ജനാധിപത്യത്തിന്റെയും സുപ്രധാന ഘടകമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. 2005 മുതല്‍ 2021 വരെ ജര്‍മന്‍ ചാന്‍സലറായിരുന്നു അംഗല മെര്‍ക്കല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top