ഹിന്ദുക്കളുടെ സുരക്ഷയിൽ മോദിക്ക് യുനൂസിൻ്റെ ഉറപ്പ്; പുരോഗമന ബംഗ്ലാദേശിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

രാജ്യത്ത് താമസിക്കുന്ന ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടക്കാല സർക്കാരിൻ്റെ തലവനായ ഡോ മുഹമ്മദ് യൂനുസ് ഫോണിലൂടെ ഇക്കാര്യം അറിയിച്ചതായി മോദി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
“മുഹമ്മദ് യൂനുസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അറിയിച്ചു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. രാജ്യത്തെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമവും സുരക്ഷയും അദ്ദേഹം ഉറപ്പുനൽകി” – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർ ആശങ്കാകുലരാണെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. കലാപബാധിതമായ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ വ്യാപക അക്രമ സംഭവങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറിയത്. 1972 ലെ ബംഗ്ലാവിമോചനത്തിൽ പങ്കെടുത്തവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം നൽകാനുള്ള തീരുമാനമാണ് കലാപത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥികളും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ മുന്നൂറോളം ആളുകളും 13 പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ കഴിയാത്തതിനെ തുടർന്ന് ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here