തൃശൂരില്‍ റോഡ്ഷോ പൂർത്തിയാക്കി മോദി; മുസ്ലിം സ്ത്രീകളെ മുത്തലാഖില്‍ നിന്നും മോചിപ്പിച്ചു, വനിതാ സംവരണം, മോദി ഗ്യാരന്റി എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

തൃശൂര്‍: കഴിഞ്ഞ വരവിലെ കൊച്ചി റോഡ്ഷോയെ അനുസ്മരിപ്പിക്കും വിധം തൃശൂരിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമായിരുന്നു ഒപ്പം. ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാന്‍ തടിച്ച് കൂടിയത്. അഭിവാദ്യം ചെയ്ത് നീങ്ങിയ പ്രധാനമന്ത്രിയെ പുഷ്പവൃഷ്ടിയോടെ വരവേറ്റു. ‘സത്രീശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ പി.ടി.ഉഷ, ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍, വൈക്കം വിജയലക്ഷ്മി, മറിയക്കുട്ടി, ശോഭന എന്നിവരായിരുന്നു വേദിയില്‍. അമ്മമാരേ, സഹോദരിമാരേ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇടത് സര്‍ക്കാരിനെതിരെയും ഇന്ത്യാ സഖ്യത്തിനെതിരെയും ആഞ്ഞടിച്ചായിരുന്നു പ്രസംഗം.
കാശിയില്‍ നിന്നുള്ള പാർലമെന്റ് അംഗമാണ് ഞാൻ. ശിവന്റെ മണ്ണാണ് കാശി. അവിടെനിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നുവെന്ന് പറഞ്ഞായിരുന്നു പ്രസംഗത്തുടക്കം. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിച്ച് കേരളത്തിലെ സ്ത്രീ ശക്തിയെ എടുത്തുകാട്ടി. നാരീശക്തി നിയമമാക്കി, മുത്തലാഖില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ മോചിപ്പിച്ചു, ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നല്‍കി എന്നിങ്ങനെ സ്ത്രീകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എടുത്തുകാട്ടി. മോദിയുടെ ഗ്യാരന്റി എന്ന് മലയാളത്തില്‍ തന്നെ പലവട്ടം ഊന്നിപ്പറഞ്ഞു. സംഘര്‍ഷഭൂമികളില്‍ നിന്നും പൗരന്മാരെ തിരിച്ചെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയാണ് നടത്തുന്നത്. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കിൽ ബിജെപി വരണം. മോദി വിരോധത്തിന്‍റെ പേരില്‍ കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം നടപ്പിലാക്കുന്നില്ല. മോദി വിരോധം പറഞ്ഞു വികസനം മുടക്കുന്നു. കേരളത്തിലെ ഇന്ത്യ സഖ്യത്തെ ബിജെപി തോല്‍പ്പിക്കും. തൃശൂര്‍ പൂരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നത്. സ്വര്‍ണക്കടത്ത് ഏത് ഓഫീസ് വഴിയാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അസൗകര്യമുണ്ടാക്കുന്നു. എല്ലാ മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ഇന്ത്യാ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ക്രിസ്മസ് ദിനത്തില്‍ പുരോഹിതര്‍ക്ക് വിരുന്നു നല്‍കാനായി. ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ അനുഗ്രഹം ലഭിച്ചു. വിരുന്നില്‍ പങ്കെടുത്തവര്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ഈ ജനക്കൂട്ടത്തിന്‍റെ ഊര്‍ജ്ജം മുന്നേറ്റമായി മാറണം”-മോദി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here