സുരേഷ് ഗോപിക്കായി മോദി വീണ്ടും തൃശൂരില്‍; കരുവന്നൂരിലേക്ക് റോഡ്‌ ഷോയ്ക്ക് ബിജെപി; നിക്ഷേപത്തട്ടിപ്പ് പ്രചാരണ ആയുധമാക്കും

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ബാങ്ക് നിക്ഷേപത്തട്ടിപ്പ് തൃശൂരില്‍ ആളിക്കത്തിക്കാന്‍ ബിജെപി. വരുന്ന 15ന് പ്രധാനമന്ത്രി തൃശൂരില്‍ എത്തുമ്പോള്‍ ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെ റോഡ്‌ ഷോ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്.

തൃശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി എത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ കരുവന്നൂരില്‍ പിടി മുറുക്കുന്നതിനിടെയാണ് മോദി കരുവന്നൂരിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം. റോഡ്‌ ഷോയുടെ അന്തിമാനുമതിക്കാണ് പാര്‍ട്ടി ശ്രമം.

കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷം ശബ്ദിക്കുന്നില്ലെന്നും പൊതുജനങ്ങളുടെ പണം സിപിഎം കവര്‍ന്നുവെന്നും മോദിയെക്കൊണ്ട് പറയിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ആലത്തൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ.ടി.എന്‍.സരസു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രശ്നം പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ദേശീയ മാധ്യമങ്ങള്‍ അടക്കം പുറത്തുവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബിജെപി നീക്കം.

കരുവന്നൂർ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്, കൗണ്‍സിലര്‍ പി.കെ.ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ ഫോണ്‍ വരെ ഇഡി കസ്റ്റഡിയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top