മോടി കൂട്ടാൻ ‘മോദിയും’; ക്രിക്കറ്റ് ലോക രാജാക്കൻമാരെ നാളെയറിയാം

അഹമ്മദാബാദ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന എകദിന ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്തി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മോദിക്കൊപ്പം മത്സരം കാണാനെത്തും. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കളികാണാനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഭൂപേന്ദ്ര പട്ടേൽ എക്സിൽ ( ട്വിറ്റർ) കുറിച്ചു.
ഇന്ത്യ വേദിയൊരുക്കിയ ലോകകപ്പിൻ്റെ കലാശപ്പോരിന് വൻ ആഘോഷ പരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. മത്സരത്തിനു മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയ്റോബിക് സംഘത്തിന്‍റെ വ്യോമാഭ്യാസവും ഫൈനൽ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളിൽ നടക്കും.
ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് ഫൈനൽ. മൂന്നാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ഓസിസ് 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽപ്പിച്ച ചരിത്രവുമായാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ആതിഥേയ രാജ്യമാണ് കിരീടം സ്വന്തമാക്കിയത്. 2011ൽ ഇന്ത്യയും 2015ൽ ആസ്ട്രേലിയയും 2019ൽ ഇംഗ്ലണ്ടുമാണ് ലോകകിരീടത്തിൽ മുത്തമിട്ട ആതിഥേയ രാജ്യങ്ങൾ. ആ ചരിത്രം നാളെയും ആവർത്തിക്കുമെന്നാണ് ഇന്ത്യൻ ക്യാംപിൻ്റെ പ്രതീക്ഷ. ബാറ്റ്സ്മാൻമാരും ബോളർമാരുമെല്ലാം മികച്ച ഫോമിലാണ് എന്നത് ഇരു ടീമുകൾക്കും ആശ്വാസം പകരുന്നു. ടൂർണമെൻ്റിൽ കളിച്ച പത്ത് മത്സരങ്ങളില്‍ നിന്നും തോൽവി അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here