അഭയകേസിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ  ഇടപെടൽ ;  പ്രതികളുടെ  ജാമ്യത്തിനെതിരെ  അപ്പീൽ ഉടൻ ഫയൽ ചെയ്യാൻ  സിബിഐയ്ക്ക് നിർദേശം 

ഡൽഹി : സിസ്റ്റർ അഭയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യത്തിനെതിരെ  അപ്പീല്‍ ഉടൻ ഫയൽ ചെയ്യാൻ സിബിഐക്ക് നിർദേശം. പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയം സെക്രട്ടറിയാണ്  നിർദേശം  നൽകിയിരിക്കുന്നത്.   ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഫാദർ തോമസ് കോട്ടൂരിനും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇത് റദ്ദാക്കാൻ  സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള  നടപടി സ്വീകരിക്കാനാണ് സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും അതിനെതിരെ സി.ബി.ഐ അപ്പീൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് 2023 നവംബർ 16-ന് പ്രധാനമന്ത്രിക്കും കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി എസ് രാധാ ചൗഹാൻ ഐ.എ.എസ്സിനും ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇടപെടലുണ്ടായിരിക്കുന്നത്.  ഇക്കാര്യം  കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 

1992 മാർച്ച് 27 നാണ്    സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച്  ആതമഹത്യയെന്ന് റിപ്പോർട്ട് നൽകിയ കേസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് സിബിഐ ഏറ്റെടുത്തത്. പല തവണ തെളിവില്ലെന്ന കാരണത്താൽ കേസ് അവസാനിപ്പിക്കാൻ സിബിഐ ശ്രമിച്ചെങ്കിലും ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഇടപെടലുകളാണ് കേസ് മുന്നോട്ടു കൊണ്ട് പോയത്.2008 നവംബർ പതിനെട്ടിനാണ് കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ്‌ പൂതൃക്കയിൽ അറസ്റ്റിലായി പിന്നാലെ  മൂന്നാം പ്രതി സിസ്റ്റർ സെഫി പോലീസ് കറ്റഡിയിലായി.  2020 ഡിസംബർ 23ന് ഈ കേസിൽ ഫാദർ കോട്ടൂരിനും  സിസ്റ്റർ സെഫിക്കും ശിക്ഷ വിധിച്ചു.  രണ്ടാം പ്രതി ഫാ. ജോസ്‌ പൂതൃക്കയിലെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top