പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; അനില്‍ ആന്റണിക്ക് വേണ്ടി വോട്ട് തേടും, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ സീറ്റ്‌ ഉറപ്പിക്കല്‍ ലക്ഷ്യമിട്ട് മോദി

പത്തനംതിട്ട: എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിലെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ പ്രമാടം രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തിലെ പൊതുവേദിയിലേയ്ക്ക് എത്തും. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിക്ക് വേണ്ടി മോദി തിരഞ്ഞെടുപ്പു പ്രചാരണം നടത്തും

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും. 11 മണിക്ക് വിവേകാനന്ദ കോളജിൽ നടക്കുന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. കന്യാകുമാരിയിലെ പരിപാടിക്ക് ശേഷമാണ് അദ്ദേഹം പത്തനംതിട്ടയിൽ എത്തുന്നത്. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. പരിപാടിക്ക് ശേഷം 2.15ന് പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. ഒരു ലക്ഷത്തോളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം പതിനേഴിന് പാലക്കാട്‌ റോഡ്‌ഷോയുമുണ്ട്. കേരളത്തിനും തമിഴ്നാടിനും പുറമെ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ നരേന്ദ്ര മോദി സന്ദർശനം നടത്തും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ സ്റ്റേഡിയം, പ്രമാടം ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങൾ കേന്ദ്ര സുരക്ഷാ സംഘത്തിന്റെ കനത്ത സുരക്ഷയിലാണ്. അൻപതിനായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ വിവിധ പന്തലുകളും കൂറ്റൻ സ്റ്റേജുമാണ് ജില്ലാ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര സുരക്ഷാ ഏജൻസികളുടെ അനുമതിക്കുശേഷമാണ് പന്തൽ നിർമ്മാണം ആരംഭിച്ചത്. ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നീക്കം. സ്ഥാനാർത്ഥികളടക്കം 60 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പ്രദേശത്ത് ഡ്രോണുകൾ, പാരാഗ്‌ളൈഡറുകൾ, പാരാ മോട്ടറുകൾ, ഹാൻഡ് ഗ്‌ളൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ,പട്ടങ്ങൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി.അജിത്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top