ലീഗ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് പിഎംഎ സലാം; മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ചുനിൽക്കും
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന കോണ്‍ഗ്രസ്-ലീഗ് സീറ്റ് ചര്‍ച്ചയെ ഉറ്റുനോക്കി ലീഗ് കേന്ദ്രങ്ങള്‍. മൂന്നാമതൊരു ലോക്സഭാ സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തില്‍ ഈ ചര്‍ച്ച നിര്‍ണായകമാകും. മൂന്നാമതൊരു സീറ്റ് ലീഗിന് വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഈ ആവശ്യവുമായി മുന്നോട്ട് പോകും. കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയില്‍ തീര്‍പ്പുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മൂന്നാം സീറ്റ് ആവശ്യവുമായി ആദ്യം രംഗത്ത് വന്നത്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുളള ഏതു മണ്ഡലത്തിലും മല്‍സരിക്കാനുളള സംഘടനാശേഷിയും സംവിധാനവും മുസ്‌ലിം ലീഗിനുണ്ട്. ഗൗരവത്തോടെയാണ് ഇപ്രാവശ്യം ലീഗ് സീറ്റ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് ലോക്സഭാ സീറ്റ് നല്‍കുന്ന ഒരു തീരുമാനവും കോണ്‍ഗ്രസില്‍ നിന്നും വരില്ലെന്ന് ഉന്നത കോണ്‍ഗ്രസ് നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നിലവിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കൂടുതല്‍ എംപിമാര്‍ കോണ്‍ഗ്രസിനാണ് വേണ്ടത്. ഇത് ലീഗിനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറവും പൊന്നാനിയും ലീഗിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇത് കൂടാതെ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റാണ് ലീഗ് ആഗ്രഹിക്കുന്നത്. കാസര്‍കോട്, വടകര, കോഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കുറിയും ലീഗിന്റെത് വെറും ആവശ്യമായി ഒതുങ്ങാനാണ് സാധ്യത.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here