പോലീസ് പോക്‌സോയില്‍ കുരുക്കിയ 19കാരന്‍ ആറുമാസം ജയിലില്‍; അന്യായമെന്ന് ഹൈക്കോടതി; പോക്‌സോ ദുരുപയോഗം അനുവദിക്കില്ല
പോക്‌സോ നിയമം ചൂഷണത്തിനുള്ള ആയുധമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള കൗമാരക്കാരുടെ നിഷ്‌കളങ്കമായ പ്രണയബന്ധങ്ങളെ കുറ്റകരമായി വ്യാഖ്യാനിക്കാനുള്ളതല്ല പോക്സോ ആക്ട് എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കിഷന്‍ പഹാല്‍ അധ്യക്ഷനായുള്ള സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
വ്യാജരേഖകള്‍ ഹാജരാക്കി1 9കാരനായ യുവാവിനെ അന്യായമായി തടവിലാക്കിയ കേസിലായിരുന്നു കോടതിയുടെ ഇടപെടല്‍. നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെട്ട ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വസ്തുതകള്‍ വിശദമായി പരിശോധിക്കണം. നീതി നടപ്പാക്കുന്ന കാര്യത്തില്‍ പോലീസ് കൃത്യത പാലിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ഇരയുടെ വയസ് തെളിയിക്കുന്ന വ്യാജരേഖകള്‍ ഹാജരാക്കിയാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചാര്‍ജ് ചെയ്തത്. 18 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിക്കൊപ്പം പോയതെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് 19കാരനെ ആറ് മാസത്തിലധികം തടവിലിട്ടത്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൗമാരക്കാരെ ലൈംഗിക പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാനായി രൂപം കൊടുത്ത നിയമത്തിന്റെ ദുരുപയോഗമാണ് ഈ കേസിലുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here