മല്ലുട്രാവലർക്കെതിരെ പോക്‌സോ കേസും, പരാതിക്കാരി ആദ്യഭാര്യ
പ്രമുഖ വ്ലോഗർ മല്ലുട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസെടുത്ത് ധർമടം പോലീസ്. മുൻ ഭാര്യയുടെ പരാതിയിലാണ് കേസ്. ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകും മുമ്പേ വിവാഹം കഴിച്ചെന്നും, 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ ക്രൂരമായി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ആദ്യഭാര്യയുടെ പരാതിയിൽ പറയുന്നത്. കേസിന് ആസ്പദമായ സംഭവം നടന്നത് ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് കൈമാറുമെന്ന് ധർമടം പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
സൗദി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിന് പിന്നാലെയാണ് സുബ്ഹാനെതിരെ പോക്സോ കൂടി വരുന്നത്. സെപ്റ്റംബർ 13ന് അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാനൊരുങ്ങി എന്നാണ് സൗദി വനിതയുടെ പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യാൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ഇതിൽ മുൻകൂർ ജാമ്യം നേടിയ പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here