കലോത്സവ റിപ്പോർട്ടിങ്ങിനിടെ ദ്വയാർത്ഥ പ്രയോഗമെന്ന് പരാതി; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ്, കണ്ടാൽ അറിയുന്ന മറ്റൊരു റിപ്പോർട്ടർ എന്നിവർക്കെതിരേയാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പോക്സോ വകുപ്പിലെ 11,12, ഭാരതീയ ന്യായസംഹിതയിലെ 3 (5) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കലോത്സവത്തിൽ ഒപ്പന അവതരിപ്പിച്ച സംഘത്തിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ഷഹബാസ് സംസാരിക്കുമ്പോള്‍ ദ്വയാർത്ഥ പ്രയോഗിച്ചു എന്നായിരുന്നു ആരോപണം ഉയർന്നത്. ഇതിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പിന്നാലെ റിപ്പോർട്ടർ ചാനലിനോടും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here