“ആദരണീയനായ മുഖ്യമന്ത്രി, നഷ്ടപരിഹാരത്തുക എങ്കിലും തന്നുകൂടേ”; പോക്സോ അതിജീവിതയുടെ ചങ്കുപൊട്ടുന്ന നിലവിളി
കേരളം ശിശു സൗഹൃദ സംസ്ഥാനമെന്ന് മേനി നടിക്കുമ്പോഴും പോക്സോ അതിജീവിതകൾക്കുള്ള നഷ്ടപരിഹാരം നല്കാതെ കടം പറയുകയാണ് സർക്കാർ. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ആഡംബരത്തിനും പിആർ പ്രചരണങ്ങൾക്കും കോടികൾ മുടക്കുമ്പോഴാണ് നിസ്സഹായരായ അതിജീവിതമാരോട് ഈ വിവേചനം തുടരുന്നത്.
“ഫണ്ട് ഗവണ്മെൻ്റിൽ നിന്നും അനുവദിച്ച് വരാത്തതു കൊണ്ട് താങ്കൾക്ക് തുക അനുവദിക്കാൻ സാധിക്കാതെ വന്നിട്ടുള്ളത്”. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്വന്തം പിതാവിൻ്റെ നിരന്തര പീഡനത്തിനിരയായി ഗർഭം ധരിക്കേണ്ടി വന്ന പെൺകുട്ടിയുടെ കരളലിയിക്കുന്ന കത്തിന് കേരള ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി നല്കിയ മറുപടിയാണിത്.
പോക്സോ കേസിലെ അതിജീവിതക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും സർക്കാർ ഇരയെ തട്ടിക്കളിക്കുകയാണ്.
കോടതി അനുവദിച്ച നഷ്ടപരിഹാരമായ പത്ത് ലക്ഷം രൂപ ഇതുവരെ സര്‍ക്കാര്‍ നല്‍കിയില്ലെന്ന് അതിജീവിത മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 2022ലാണ് വിധി വന്നത്. 10 ലക്ഷം നഷ്ടപരിഹാരമാണ് കോടതി അനുവദിച്ചത്. പക്ഷെ ഇപ്പോഴും പരാതി നല്‍കി കാത്തിരിക്കുകയാണ്.” – അതിജീവിത പറഞ്ഞു.
“ആദരണീയനായ മുഖ്യമന്ത്രീ, വീട്ടില്‍ നിന്നാണ് എനിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. അച്ഛനില്‍ നിന്നാണ് പതിനാലാം വയസില്‍ ഗര്‍ഭിണിയായത്. പിതാവിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. അമ്മയ്ക്ക് സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ല. കിട്ടുന്ന കാശ് വാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കേസില്‍ കോടതി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായിട്ടും തുക ലഭിച്ചിട്ടില്ല. പഠിത്തവും ജീവിതവും മുന്നോട്ടുകൊണ്ടുപോകാനും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ കോടതി അനുവദിച്ച തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണം എന്ന് അപേക്ഷിക്കുന്നു.” അതിജീവിതയുടെ നൊമ്പരമുണർത്തുന്ന കത്തിലെ വരികളാണിത്.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കത്ത് ലഭിച്ച ശേഷവും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും ധനമന്ത്രിക്ക് കൂടി പരാതി നല്‍കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ട് പണം നൽകാനാവില്ലെന്നാണ് വീണ്ടും സർക്കാർ പറയുന്നത്. കഴിഞ്ഞ വര്‍ഷം സ്ത്രീ-ശിശു ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയ തുക തീര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പോക്സോ കേസിലെ ഒട്ടനവധി ഇരകള്‍ സമാന രീതിയില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ്. എപ്പോള്‍ തുക ലഭിക്കും എന്നുപോലും കഴിയാത്ത അവസ്ഥയാണ്.
കേസ് കഴിഞ്ഞാൽ ഇരകൾക്ക് നൽകേണ്ട ഇടക്കാല ഫണ്ടുപോലും അതിജീവിതകൾക്ക് നല്കിയിട്ടില്ല. സർക്കാരിൻ്റെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നാണ് തുക നൽകേണ്ടത്. 2019 മുതലുള്ള നഷ്ടപരിഹാരം അതിജീവിതകൾക്ക് നൽകാനുണ്ട്. സർക്കാരിൻ്റെ സാമ്പത്തിക പരാധീനതകൾ നിമിത്തമാണ് നഷ്ടപരിഹാരം വൈകാനിടയാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here