അമ്മയും കുട്ടിയും മൊഴി മാറ്റിയിട്ടും പോക്സോ കേസിൽ ശിക്ഷ; പ്രതിക്ക് 7 വർഷം കഠിനതടവ്
തിരുവനന്തപുരം: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്. പീഡനത്തിനിരയായ കുട്ടി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്ന കേസിലാണ് കോടതിയുടെ വിധി. കുട്ടിയുടെ അമ്മയും പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്‌സോ അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. പ്രതിയായ മുരളിധരന് (65) ഇരുപത്തി അയ്യായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2021 ജൂലൈ 21ന് രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കുട്ടിയെ പ്രതിയുടെ വീട്ടിലാക്കി അമ്മ സ്റ്റേഷനിലേക്ക് പോയ സമയത്താണ് കൃത്യം നടന്നത്. പ്രതി കുട്ടിയെ നെഞ്ചിൽ കിടത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നു. വീടിൻ്റെ കതക് തുറന്ന് കിടന്നതിനാൽ വീടിന് മുന്നിൽ നിന്ന കുടുംബശ്രീ സ്ത്രീകളാണ് ബഹളംവച്ച് കുട്ടിയെ പ്രതിയിൽ നിന്ന് രക്ഷിച്ചത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തെ സംബന്ധിച്ച് കുട്ടിയും അമ്മയും മറ്റ് ദൃക്സാക്ഷികളും പോലീസിന് കൃത്യമായി മൊഴി നൽകിയിരുന്നെങ്കിലും കോടതിയിൽ വിചാരണ നടന്നപ്പോൾ പ്രതി ഒന്നും ചെയ്തില്ലെന്ന് കുട്ടി മൊഴി നൽകി. അമ്മയുടെ നിർബന്ധ പ്രകാരമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്ന് കുട്ടിയോട് വിശദമായി ചോദ്യം ചോദിച്ചപ്പോൾ പീഡിപ്പിച്ച വിവരം കൃത്യമായി കോടതിയിൽ പറയുകയായിരുന്നു.
കുട്ടിയുടെ അമ്മയും പ്രതിക്ക് അനുകൂലമായി കൂറു മാറിയിരുന്നു. പ്രതി അങ്ങനെ ചെയ്യുന്ന ആളല്ല അമ്മയുടെ മൊഴി. കുട്ടി പല തവണ മൊഴി മാറ്റിയതിനാൽ വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here