മൊഴിമാറ്റാൻ പോക്‌സോ അതിജീവിതയ്ക് പണം നൽകി പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടു; ക്രിമിനൽ കേസ് എടുക്കാതെ സർക്കാർ

തിരുവനന്തപുരം: പോക്സോ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ആഭ്യന്തരവകുപ്പാണ് ഉത്തരവിറക്കിയത്. അതിജീവിത നൽകിയ പരാതിയിൽ അജിത്തിനെ പിരിച്ച് വിടാൻ വിജി. ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പാറശാല പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവിതയെ പ്രതിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പോക്സോ കേസിലെ അതിജീവിത ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. നെയ്യാറ്റിൻകര പോക്സോ കോടതിയിൽ കേസിൻെറ വിചാരണ തുടങ്ങി ശേഷമാണ് അട്ടിമറിയുണ്ടായത്.
കോടതിയിൽ മൂന്നു പ്രാവശ്യം മൊഴി നൽകാൻ എത്തിയിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ലെന്നാണ് അതിജീവിതയുടെ പരാതി. മൂന്നാമത്തെ പ്രവാശ്യം കോടതിയിൽ എത്തിയപ്പോൾ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറിൽ പണമിട്ട് ഓഫീസിൽ വച്ച് അഭിഭാഷകൻ നൽകിയെന്നും പരാതിയുണ്ട്. പണം സ്വീകരിക്കാതെ പുറത്തിറങ്ങി അമ്മയോടും സഹായത്തിനായി എത്തിയ പൊതുപ്രവർത്തകയോടും കാര്യങ്ങൾ പറഞ്ഞുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നതും വിജിലൻസിന് നൽകിയ മൊഴിയും.
തിരുവനന്തപുരം സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ കഴമുണ്ടെന്ന് വ്യക്തമായത്. പോക്സോ കേസുകൾ വേഗത്തിൽ തീർക്കാൻ കേന്ദ്രസർക്കാർ സഹായത്തോടെ തുടങ്ങിയ 53 താൽക്കാലിക പോക്സോ കോടതിയിൽ ഒന്നാണ് നെയ്യാറ്റിൻകരയിലേത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here