ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത കഴുത്തിൽ സ്വയം കുരുക്കിട്ടതാണെന്ന് ആൺ സുഹൃത്ത്; മരുന്നുകളോട് പ്രതികരിക്കാതെ യുവതി വെൻ്റിലേറ്ററിൽ
ചോറ്റാനിക്കരയില്‍ വീട്ടിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. തലക്ക് ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
പെൺകുട്ടിയെ ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ(24) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമത്തിനും ബലാത്സംഗത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
2012 ലെ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയെ
അർധനഗ്നയായി അവശനിലയിലാണ് കണ്ടെത്തുന്നത്. കഴുത്തിൽ കയർ മുറുകിയ പരിക്കും കൈയിലേറ്റ മുറിവിൽ ഉറുമ്പരിച്ച നിലയിലുമായിരുന്നു. ഇവരെ വീട്ടുകാർ ദത്തെടുത്തതാണെന്ന് പോലീസ് അറിയിച്ചു. മതാപിതാക്കൾ വീട്ടിലുണ്ടാകാത്തതിനാൽ പെൺകുട്ടി മിക്ക സമയത്തും ഒറ്റക്കായിരിക്കുമെന്നും പോലീസ് അറിയിച്ചു. എടുത്ത് വളര്‍ത്തിയ പെണ്‍കുട്ടിയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെ അമ്മ മറ്റൊരിടത്താണ് താമസിച്ചിരുന്നത്.
പെണ്‍കുട്ടിയുമായി വഴക്കിട്ടപ്പോൾ സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപ് മൊഴി നല്‍കിയത്. പെണ്‍കുട്ടിയെ മര്‍ദിച്ചതായും തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഇയാൾ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും ഇയാള്‍ എത്താറുണ്ടയിരുന്നു. നാട്ടുകാരുമായി ഇയാൾ പല തവണ വാക്കുതർക്കത്തിലും ഏർപ്പെട്ടിരുന്നു.
പെണ്‍കുട്ടിക്ക് ഗുരുതരമായി ദേഹോപദ്രവം ഏറ്റിട്ടുണ്ടെന്ന അമ്മയുടെ പരാതിയില്‍ ബലാത്സംഗം, വധശ്രമ കേസുകള്‍ ചുമത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് അനൂപ്. പീരുമേട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുണ്ട്. തലയോലപറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും ഇയാള്‍ പ്രതിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here