ഡിസിഡി പ്രസിഡൻ്റിനെ വിടാതെ പോലീസ്; ജാമ്യം നേടി കോടതിക്ക് പുറത്തിറങ്ങവേ വീണ്ടും അറസ്റ്റിന് ശ്രമം; കോടതിയിലേക്ക് ഓടിക്കയറി ഷിയാസ്

കൊച്ചി : കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേടി കോടതിക്ക് പുറത്തിറങ്ങിയ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം. സംഘര്‍ഷത്തിനിടെ പോലീസ് വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ബലപ്രയോഗിച്ച് ശ്രമം നടത്തിയത്. ആദ്യ കേസില്‍ അറസ്റ്റിലായ ഷിയാസിനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും കോതമംഗലം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നും പുറത്തു വന്ന് മാധ്യമങ്ങളോട് സംസാരിച്ചതിനു ശേഷമാണ് അറസ്റ്റിന് പോലീസ് ശ്രമിച്ചത്.

പോലീസ് നീക്കത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനിടയില്‍ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറുകയും ചെയ്തു. മജിസ്‌ട്രേറ്റിനെ ഇക്കാര്യം ഷിയാസ് അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു.

പോലീസ് വാഹനം തകര്‍ത്തടക്കം ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷിയാസിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയില്‍ കീഴടങ്ങാനാണ് ഷിയാസിന്റെ തീരുമാനമെന്നാണ് വിവരം. പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. ഷിയാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന സംഭവങ്ങളുടെ പേരില്‍ അദ്ദേഹത്തെ തന്നെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇത് വിചിത്രമായ സംഭവമാണ്. ഒരു ദിവസമെങ്കിലും ഷിയാസിനെ ജയിലില്‍ കിടത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.

Logo
X
Top