നിയമന തട്ടിപ്പ്: മലപ്പുറത്തും തെളിവെടുപ്പ്; നിയമന തട്ടിപ്പിൽ ഹരിദാസനെതിരെ പ്രത്യേക കേസിന് നിയമോപദേശം
മലപ്പുറം: ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പിൽ മലപ്പുറത്തും തെളിവെടുപ്പ്. പ്രതി കെ.പി ബാസിത്തിനെ മലപ്പുറത്ത് എത്തിച്ചാണ് പോലീസ് തെളിവുകൾ ശേഖരിക്കുന്നത്. അതേ സമയം, ഹരിദാസിനെ പ്രതിചേർക്കേണ്ട എന്ന തീരുമാനത്തിലാണ് പോലീസ്. എന്നാൽ ഹരിദാസൻ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ മൊഴി നൽകിയതിനും പ്രത്യേക കേസ് എടുക്കാമെന്നും പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് തിരുവനന്തപുരം കന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാസിത്തുമായി മലപ്പുറം പോലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതി ഗൂഡാലോചന നടത്തിയ സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇതിൻ്റെ ഭാഗമായി പ്രതിയുമായി മലപ്പുറത്തെ മഹേന്ദ്രപുരി ഹോട്ടലിലാണ് അന്വേഷസംഘം ആദ്യം എത്തിയത്.
നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്ന സെപ്റ്റംബർ 27ന് ബാസിത്തും മറ്റു രണ്ടു പേരും ഹോട്ടലിലെ ബാറിൽ എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 10 മിനിറ്റ് നേരമാണ് തെളിവെടുപ്പ് നടന്നത്. തുടർന്ന് മഞ്ചേരിയിലെ ഒരു ലോഡ്ജിലും തെളിവെടുപ്പ് നടന്നു. ബാസിത്തുമായി പോലീസ് നാളെയും തെളിവെടുപ്പ് തുടരും.
മരുമകൾക്ക് നിയമനം ലഭിക്കാൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസിൻ്റെ ആരോപണം. എന്നാൽ പണം നൽകിയിട്ടില്ല. ബാസിത് പറഞ്ഞിട്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസന്‍ പിന്നീട് മൊഴി നല്‍കിയിരുന്നു.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പണം നല്‍കിയിട്ടില്ലെന്ന് നിയമന തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബാസിത്തും മൊഴി നല്‍കിയിരുന്നു. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനെന്നും ചോദ്യം ചെയ്യലിൽ ബാസിത് സമ്മതിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here