മരണവാര്‍ത്തകള്‍ നോക്കി മോഷണം തീരുമാനിക്കും; ഓപ്പറേഷന്‍ നഗരവീടുകളില്‍; കവര്‍ച്ചയില്‍ അമ്പരപ്പിച്ച് കൊല്ലംകാരി റിന്‍സി

എളമക്കരയിലെ മരണവീട്ടില്‍ നിന്ന് 14 പവന്‍ മോഷ്ടിച്ചതിന് അറസ്റ്റിലായ റിന്‍സി ഡേവിഡിന്റെ കവര്‍ച്ചാ രീതികള്‍ ആരേയും അമ്പരപ്പിക്കുന്നത്. മരണ വീടുകളിലെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും മാനസികാവസ്ഥ മുതലാക്കിയുളള കൃത്യമായ മോഷണമാണ് കൊല്ലം ഡോണ്‍ബോസ്‌കോ സ്വദേശിനിയായ 29കാരി നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് റിന്‍സി പിടിയിലായത്.
പത്രത്തില്‍ മരണ വാര്‍ത്തകള്‍ നോക്കിയാണ് റിന്‍സി മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തുന്നത്. കൂടുതലും അസ്വാഭാവിക മരണം നടന്ന വീടുകളാകും തിരഞ്ഞെടുക്കുക. അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും മാനസികാവസ്ഥ തന്നെയാണ് റിന്‍സിയുടെ മോഷണം എളുപ്പമാക്കുന്നത്. മാസ്‌ക് ധരിച്ച് ആരുടേയും ശ്രദ്ധയില്‍പെടാതെ മരണ വീടിന് അകത്തും സമീപത്തുമായി നിലയുറപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്.
മൃതദേഹം എത്തിക്കുന്ന സമയത്തോ സംസ്‌കാരത്തിനായി കൊണ്ടുപോകുന്ന സമയത്തോ ആകും മോഷണം. ഈ സമയം എല്ലാവരുടേയും ശ്രദ്ധ ചടങ്ങുകളിലേക്ക് മാറുമ്പോഴാണ് മോഷണം നടത്തുന്നത്. പിന്നാലെ അവിടെ നിന്നും വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്യും. മരണത്തിന്റെ വിഷമത്തില്‍ മോഷണ വിവരം വീട്ടുകാര്‍ ദിവസങ്ങള്‍ കഴിഞ്ഞാകും അറിയുക. ബന്ധുക്കളെ അടക്കം സംശയിക്കേണ്ട അവസ്ഥയുള്ളതിനാല്‍ പരാതി നല്‍കാതെ ഒഴിവാക്കുകയാണ് പലരും ചെയ്യാറ്. എളമക്കരയിലെ വീട്ടുകാരം ആദ്യം പരാതി നല്‍കിയിരുന്നില്ല. പ്രതിയെ തിരച്ചറിഞ്ഞ ശേഷമാണ് പോലീസിനെ സമീപിച്ചത്.
പെരുമ്പാവൂരിലെ ഒരു മരണ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതിന് റിന്‍സി പിടിയിലായിരുന്നു. ഇതിന്റെ വാര്‍ത്ത കണ്ടാണ് എളമക്കരയിലെ വീട്ടുകാരും പ്രതിയെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലടക്കം യുവതിയുടെ സാമീപ്യം വ്യക്തമാണ്. ഇതോടെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചതും അറസ്റ്റ് നടന്നതും.
കൂടുതല്‍ മരണ വീടുകളില്‍ റിന്‍സി മോഷണം നടത്തിയിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ ഫോണില്‍ നിന്നും ലഭിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവുകളാണെന്ന് എളമക്കര എസ്എച്ച്ഒ കെബി ഹരികൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കൊച്ചി അടക്കമുളള നഗരങ്ങളില്‍ മാത്രമാണ് റിന്‍സി മോഷണം നടത്തിയത്. ഇതിന് പ്രതി നല്‍കിയ വിശദീകരണം നഗരങ്ങളില്‍ താമസിക്കുന്നവര്‍ പരസ്പരം അറിയാനുളള സാധ്യത കുറവായതിനാല്‍ ആരാണ് എന്ന ചോദ്യം ഉണ്ടാകില്ല എന്നാണ്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും മരണ വാര്‍ത്തകളുടെ നിരവധി ചിത്രങ്ങളാണ് കണ്ടെത്തിയതെന്നും എസ്എച്ച്ഒ പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ കണ്ട വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന പോലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറിയതായും അദ്ദേഹം അറിയിച്ചു.
റിന്‍സി നിലവില്‍ റിമാന്‍ഡിലാണ്. കൂടുതല്‍ മോഷണ പരാതികള്‍ വരും എന്ന് ഉറപ്പിച്ചാണ് പോലീസ് എല്ലാ വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്. മോഷണത്തിനും മോഷണമുതല്‍ വില്‍പ്പന നടത്തിയതിനും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എളമക്കര പുതുക്കലവട്ടത്തെ വീട്ടില്‍ നിന്നും മെയ് 14നാണ് റിന്‍സി 14 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം പ്രതി സമ്മതിക്കുകയും സ്വര്‍ണ്ണം വിറ്റ കൊല്ലത്തെ ജ്വല്ലറി കാണിച്ചു കൊടുക്കുകയും ചെയ്തു. ഇവിടെ നിന്നും സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊല്ലത്തു നിന്നും കൊച്ചിയിലെത്തി ഒറ്റയ്ക്ക് മോഷണം പ്രതി നടത്തില്ലെന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here