ക്രിമിനൽ കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിന് മാർഗനിർദേശം കൊണ്ടുവരണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ക്രിമിനൽ കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിന് മാർഗനിർദേശം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. കേസുകളിൽ പോലീസ് നൽകുന്ന വിശദീകരണത്തിനും മാർഗരേഖ തയ്യാറാക്കണം. പോലീസിന്റെ വിശദീകരണം മാധ്യമ വിചാരണക്ക് കാരണമാകുന്നതിനാലാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നു മാസത്തിനകം മാനദണ്ഡം തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിനാണ് ചുമതല നൽകിയത്.
എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവിമാരുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിർദേശങ്ങൾ ഉൾപ്പെടുത്താനും ഉത്തരവിൽ പറയുന്നു. കോടതിയുടെ അന്തിമ വിധി വരുന്നത്തിന് മുൻപ് പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് ഒഴിവാക്കണം. പക്ഷപാതത്തോടെയുള്ള റിപ്പോർട്ടിംഗ് പ്രതിക്കെതിരെ സമൂഹത്തിൽ സംശയം ഉണ്ടാക്കും. കൂടാതെ ഇരയുടെ സ്വകാര്യതയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
വിഷയം പഠിക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ചോദ്യാവലിയും അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. മാധ്യമങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തടയാൻ സാധിക്കില്ല പകരം വിവരങ്ങൾ നൽകുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് മാനദണ്ഡം വയ്ക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here