പോലീസ് അടിച്ച് നട്ടെല്ല് പൊട്ടിച്ചെന്ന് പരാതി; കോട്ടയം എസ്പി അന്വേഷിക്കും
കൊച്ചി: പോലീസുകാർ കൈ കാണിച്ചിട്ട് വാഹനം നിർത്തിയില്ല എന്നാരോപിച്ച് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. നട്ടെല്ലിന് സാരമായ പരുക്കേറ്റ് ചികിൽസ തേടിയിരിക്കുകയാണ് പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിയായ വിദ്യാർത്ഥി. പാലായിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. കോട്ടയം എസ്.പി. കെ.കാർത്തിക്ക് അന്വേഷണത്തിന് ഉത്തരവിട്ടു.
ഞായറാഴ്ച രാവിലെ പാലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയ പോളിടെക്‌നിക്ക് വിദ്യാർഥിയായ പാർഥിപനാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈവസ്ഥയിൽ ആശുപത്രിയിലായത്. വാഹനത്തിന് പോലീസ് കൈ കാണിച്ചത് കണ്ടില്ലെന്ന് പാർത്ഥിപൻ പറയുന്നു. പിന്തുടർന്ന് എത്തിയ പോലീസുകാർ വാഹനം തടഞ്ഞ് നിർത്തി. തുടർന്ന് ലഹരിമരുന്ന് പിടിക്കാനെന്ന് പറഞ്ഞ് പാലാ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അകത്തു കയറ്റാതെ പുറത്ത് ക്യാമറയില്ലാത്ത ഭാഗത്തു കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥിയുടെ അമ്മ പറഞ്ഞു. പരിശോധനയിൽ ലഹരിമരുന്ന് കണ്ടുകിട്ടാത്തതിനാൽ വിട്ടയച്ചു. മർദന വിവരം പുറത്തുപറഞ്ഞാൽ വേറെ കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥി പറഞ്ഞു.
പാലാ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വീണ് പരിക്ക് പറ്റിയെന്നാണ് ഡോക്ടറോട് പറഞ്ഞത്. വീട്ടിൽ എത്തിയ ശേഷം വേദന അസഹ്യമായതോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. നട്ടെല്ലിന് പൊട്ടലുണ്ടെന്നും മൂന്ന് മാസം പൂർണ വിശ്രമം വേണമെന്നും ഡോക്ടർ നിർദേശിച്ചതായി അമ്മ പറയുന്നു.