നൃത്തപരിപാടി സംഘാടകര്‍ക്കെതിരേ പോലീസ് കേസ്; ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ല
![](https://www.madhyamasyndicate.com/wp-content/uploads/2024/12/uma-thomas-new.jpg)
കൊച്ചി കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃദംഗമിഷനും സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസ്. സ്റ്റേജില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനും പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്. എഫ്ഐആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല.
പതിനാലടിയോളം ഉയരത്തില്‍ നിന്ന് ഉമാ തോമസ് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. സ്‌റ്റേജ് നിര്‍മാണത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിച്ചില്ല. താത്കാലിക സ്‌റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നില്ല. സുരക്ഷാവേലിയില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണങ്ങളായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി റിനൈ മെഡിസിറ്റിയിലാണ് ഉമാ തോമസ് ഉള്ളത്. ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയത്.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വഴുതി വീണാണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് തലയ്ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമാണ് എന്നാണ് സൂചന. താഴെയുള്ള കോൺക്രീറ്റ് കെട്ടിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 12000 ഭരതനാട്യ നർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്കായാണ് എംഎൽഎ എത്തിയത്. മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇദ്ദേഹത്തെ കണ്ടശേഷം സീറ്റിലേക്ക് ഇരിക്കാൻ പോയ ഉമ തോമസ്, ഇവിടെ കെട്ടിയ ബാരിക്കേഡിൻ്റെ ഭാഗത്തുകൂടി വീഴുകയായിരുന്നു.
പതിനാലടിയോളം ഉയരത്തില്‍ നിന്നാണ് വീണത്. മുഖമടിച്ചാണ് വീഴ്ചയെന്നും മൂക്കിൽ നിന്നും വായിൽനിന്നും രക്തം വാർന്ന് പോകുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here