കേരള കോൺഗ്രസ് നേതാവിൻ്റെ ബ്ലേഡ് കമ്പനി തകരുന്നു; വീടുകയറി തല്ലി നിക്ഷേപകർ; പത്തനംതിട്ടയിൽ നിന്ന് മറ്റൊരു നിക്ഷേപതട്ടിപ്പ് കൂടി
പത്തനംതിട്ട : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന ട്രഷറര്‍ എന്‍.എം.രാജുവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം. തിരുവല്ലയിലെ രാജുവിന്റെ വീടായ നെടുമ്പറമ്പില്‍ ഹൗസിലെത്തിയാണ് ഇന്നലെ രാവിലെ 9.30ന് നിക്ഷേപകനായ റെജിമോനും മക്കളും ചേര്‍ന്ന് ആക്രമണം നടത്തിയത്. രാജുവിന്റെ സഹോദരന്റെ മകനായ സാം ജോണാണ് പോലീസില്‍ പരാതി നല്‍കയത്. നിക്ഷേപിച്ച 15 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുളള വിരോധത്തിലാണ് ആക്രമണമെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. ആയുധം ഉപയോഗിച്ച് മൂക്കിടിച്ച് തകര്‍ത്തതായും സ്ത്രീകളെയടക്കം മര്‍ദിച്ചതായും പരാതിയിലുണ്ട്. ഐപിസി 452, 323, 324, 326, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ച് മുറിവുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വീട് കയറി രാജുവിന്റെ കുടുംബത്തെ ആക്രമിച്ച കൊല്ലം പുലമണ്‍ സ്വദേശി റെജിമോന്റെ ഭാര്യ റീന റെജിയും പണം നഷ്ടമായതായി തിരുവല്ല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നെടുമ്പറമ്പില്‍ ഫിനാന്‍സിയേഴ്‌സ് പണം തട്ടിയെന്നാണ് പരാതി. 2022 ജനുവരി 20ന് 15 ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇതുവരേയും പലിശയോ നിക്ഷേപിച്ച പണമോ തിരികെ നല്‍കിയിട്ടില്ലെന്നാണ് പരാതി. വീട് കയറി ആക്രമിച്ചുവെന്ന് രാജുവിന്റെ കുടുംബം പരാതി നല്‍കിയ ശേഷമാണ് പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വീട് കയറി ആക്രമിച്ചതായും കുടുംബത്തെ മര്‍ദിച്ചതായും നെടുമ്പറമ്പില്‍ ഫിനാന്‍സിയേഴ്‌സ് ഉടമ എന്‍.എം. രാജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എന്നാല്‍ നിക്ഷേപം തിരികെ നല്‍കാത്തതിലും സമാനമായ മറ്റ് പരാതികള്‍ സംബന്ധിച്ചും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. അമേരിക്കന്‍ മലയാളിയുടെ 1.43 കോടിയുടെ നിക്ഷേപം മടക്കി നല്‍കിയില്ലെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പോലീസ് സ്‌റ്റേഷനിലും എന്‍.എം.രാജുവിനെതിരെ പരാതിയുണ്ട്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ ജോര്‍ജ് ഫിലിപ്പ് കളരിക്കലാണ് ഫെബ്രുവരി 15ന് പരാതി നല്‍കിയിരിക്കുന്നത്. ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി വ്യാപകമാണ്.
റിയല്‍ എസ്റ്റേറ്റ്, വസ്ത്ര വ്യാപാരം, വാഹന വില്‍പ്പന തുടങ്ങിയ മേഖലകളില്‍ വന്‍തുകകള്‍ മുടക്കിയതാണ് രാജുവിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. വിവിധ ബ്രാഞ്ചുകളിലെത്തി നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുന്നതും പതിവാണ്. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി സീറ്റിനു വേണ്ടി രാജു അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. നെടുമ്പറമ്പില്‍ ഫിനാന്‍സ് ഈ അടുത്ത കാലത്ത് സ്ഥാപനപ്പേര് നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്നാക്കി മാറ്റിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തകര്‍ന്നിരുന്നു. കോടികളാണ് ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത്. പോപ്പുലര്‍ ഫിനാന്‍സ്, പിആര്‍ഡി ഫിനാന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പൂട്ടിപോയത്. ഈ അടുത്തകാലത്താണ് തിരുവല്ല പുല്ലാടുളള ജി ആന്റ് ജി എന്ന ഫിനാന്‍സ് കമ്പനി ഉടമകള്‍ 300 കോടിയിലധികം തട്ടിയെടുത്ത് മുങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here