അഴിമതിക്ക് പരാതി നല്‍കിയയാളെ അക്രമിച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പില്‍ കേസ്
ക്ഷീരോല്പാദന സഹകരണ സംഘം പ്രവര്‍ത്തകനെ കായികമായി ആക്രമിച്ച് പരിക്കേല്‍പിച്ച പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC) പ്രസിഡന്റിനെതിരെ എസ്‌സി – എസ്റ്റി അതിക്രമ തടയല്‍ നിയമ പ്രകാരം (Scheduled Castes and the Scheduled Tribes (Prevention of Atrocities) Act, 1989) തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിലെ അഴിമതിയെക്കുറിച്ച് പരാതി നല്‍കിയ ടിടി പ്രസാദിനെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ പ്രസിഡന്റ് അഡ്വ. എന്‍ രാജീവിന്റെ നേതൃത്വത്തില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതും ആക്രമിച്ചതും. പരിക്കേറ്റ പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വള്ളംകുളം ക്ഷീരോല്പാദന സംഘത്തില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ക്ഷീര വികസന വകുപ്പിലെ ആറംഗ ഉദ്യോഗസ്ഥ സംഘം എത്തിയിരുന്നു. ഈ സമയത്ത് ബോര്‍ഡ് അംഗവും പരാതിക്കാരനുമായ പ്രസാദും ഓഫീസിലുണ്ടായിരുന്നു. രാജീവിന്റ നേതൃത്വത്തിലുള്ള ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പരിശോധന തടയുകയും ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) 126 (2) 296 ( b) 115 (2) 351 (2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സിപിഎമ്മിന്റെ പത്തനം തിട്ട ജില്ല മുന്‍ സെക്രട്ടറി അനന്തഗോപന്റെ ബന്ധുവാണ് രാജീവ്.
കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപീകരിക്കപ്പെട്ട ജില്ലാ സമിതിയുടെ അംഗങ്ങള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ക്രിമിനല്‍ കേസുകളിലും പ്രതികളാവുന്നത് പത്തനംതിട്ടയില്‍ പതിവാകുകയാണ്. കഴിഞ്ഞ മാസം ജില്ലയിലെ സിഡബ്‌ളിയുസി അംഗത്തിനെതിരെ കുട്ടിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിഡബ്ല്യുസി അംഗം അഡ്വ. എസ് കാര്‍ത്തികയ്‌ക്കെതിരെ മലയാലപ്പുഴ പൊലീസാണ് കേസെടുത്തത ആറു വയസുള്ള കുട്ടിയേയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്‍ജുന്‍ ദാസാണ് കേസിലെ ഒന്നാം പ്രതി. അനധികൃത പാറ പൊട്ടിച്ച് കടത്തിയ സംഭവത്തില്‍ അര്‍ജുന്‍ ദാസിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു. പാറ കടത്തിനെതിരെ പരാതി നല്‍കിയവരുടെ വീട്ടിലെ കുട്ടിയെയാണ് സിഡബ്ല്യുസി അംഗവും സിപിഎം പ്രാദേശിക നേതാവും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here