കാർ സ്വിമ്മിങ് പൂളാക്കിയ സഞ്ജു ടെക്കിക്ക് എതിരെ പോലീസ് കേസ്; ഒപ്പം യാത്ര ചെയ്തവരും കുടുങ്ങും; റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും
ആലപ്പുഴയില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ക്രമീകരിച്ച് കുളിച്ച് യാത്ര ചെയ്ത് സഞ്ജു ടെക്കി കുടുങ്ങും. അലക്ഷ്യമായി കാര്‍ ഓടിച്ചതിന് യുട്യൂബര്‍ക്ക് എതിരെ പോലീസ് കേസെടുക്കും. ആലപ്പുഴ ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുന്നത്. സഞ്ജുവിനൊപ്പം യാത്ര ചെയ്തവരും നടപടി നേരിടേണ്ടി വരും. വിവാദ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്. സഞ്ജുവിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറാനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് വിവരങ്ങള്‍ ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നത്. കാര്‍ സ്വിമ്മിങ് പൂളാക്കി യാത്ര ചെയ്തതിനെ തുടര്‍ന്ന് സഞ്ജുവിനെതിരെ ആര്‍ടിഒ കേസ് എടുത്തിരുന്നു. ഒപ്പം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിര്‍ബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കുകയും കുറ്റിപ്പുറത്തെ പരിശീലന ക്യാമ്പില്‍ അയച്ച് ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു.
ഇതെല്ലാം തനിക്ക് പ്രശസ്തിയാണ് സമ്മാനിച്ചതെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത ‘റീച്ച്’ കിട്ടിയെന്നും വീഡിയോയില്‍ സഞ്ജു പരിഹസിച്ചിരുന്നു. ഈ വീഡിയോ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയമലംഘനം നടത്തുന്ന സഞ്ജു അടക്കമുള്ള യുട്യൂബര്‍മാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയത്.
ഈ പ്രശ്നത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച പൂര്‍ണ റിപ്പോര്‍ട്ട് ഇന്നു ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. സഞ്ജുവിന്റെ നിയമലംഘനങ്ങളും അവയിൽ വകുപ്പ് സ്വീകരിച്ച നടപടികളും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് നൽകുന്നത്. 7നു ഹൈക്കോടതി കേസ് പരിഗണിച്ചേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here