സുധാകരന്റെ വീട്ടിലെ കൂടോത്രത്തില്‍ അന്വേഷണം വേണം; പോലീസില്‍ പരാതി; കമ്മീഷണര്‍ക്ക് കൈമാറി ഡിജിപി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി. സംസ്ഥാന പോലീസ് മേധാവിക്ക് കേരള കോണ്‍ഗ്രസ് എം നേതാവ് എഎച്ച് ഹാഫിസാണ് പരാതി നല്‍കിയത്. സുധാകരന്റെ ജീവന്‍ അപകടപ്പെടുത്താനുള്ള ശ്രമാണ് നടന്നതെന്നാണ് വ്യക്തമായിരിക്കുന്നതെന്നും ഇതിന് പിന്നാല്‍ ആരാണെന്ന് കണ്ടെത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുധാകരന്റെ കണ്ണൂരിലേയും തിരുവന്തപുരത്തേയും വീട്ടില്‍ അതിക്രമിച്ച് കടന്നാണ് ഈ കൂടോത്രം സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും കൂടോത്രം കുഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സുധാകരന്റെ ജീവന്‍ അപകടത്തിലായിരുന്നു എങ്കില്‍ അത് രാഷ്ട്രീയ സംഘര്‍ഷത്തിനും കലാപത്തിനും കാരണമാകുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇനിയും പേര് വെളിയില്‍ വരാത്തവരുടെ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. അതിനാല്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ തുടര്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടത്താന്‍ പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. കോണ്‍ഗ്രസിലെ വിവാദം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുളള ശ്രമമാണ് കേരള കോണ്‍ഗ്രസ് എം നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പ് കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്ര വസ്തുക്കള്‍ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. കണ്ണൂരിലെ വീട്ടില്‍ കൂടാതെ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളിലും കെപിസിസി ഓഫീസിലും ഇത്തരത്തില്‍ കൂടോത്ര സാമഗ്രികള്‍ കണ്ടെത്തി. ഇക്കാര്യം സുധാകരന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here