‘നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണം’; പൊലീസ് കോടതിയിൽ

നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹർജിയിൽ പറയുന്നു. എൽഡിഎഫ് നേതാക്കളും മന്ത്രി വി.ശിവൻകുട്ടിയുമാണ് കേസിലെ പ്രതികൾ.

മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നപ്പോഴാണ് ക്രൈംബ്രാഞ്ച് പുനരന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചത്. അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലെ കയ്യാങ്കളിക്കിടെ പരുക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എംഎൽഎമാരായ ജമീല പ്രകാശവും കെ.കെ.ലതികയും കോടതിയെ സമീപിച്ചിരുന്നു.

പരുക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. തെളിവുകൾ ലഭിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും അനുമതി തേടി. കോടതിയിൽ വായിച്ച നിലവിലെ കുറ്റപത്രം പിൻവലിക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. പുനരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാൻ പൊലീസിന് അധികാരമുണ്ട്. അന്വേഷണം നടത്തി പുതിയ തെളിവുകൾ ലഭിക്കുന്നതിനു മുൻപ് അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യം എങ്ങനെ അനുവദിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.

പുനരന്വേഷണമാണ് ആവശ്യമെന്നും തെളിവുകൾ ലഭിച്ചാൽ മാത്രമേ അനുബന്ധ കുറ്റപത്രം സമർപ്പിക്കൂ എന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്ന അപേക്ഷ പിൻവലിക്കാമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. കോടതി നടപടികൾ തുടരുകയാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top