എന്താണ് ഐപിസി 124; ഗവര്‍ണറെ തടഞ്ഞിട്ടും സെ.124 ചുമത്താതെ പോലീസ്

തിരുവനന്തപുരം: രാഷ്ട്രപതിയേയും സംസ്ഥാന ഗവര്‍ണറന്മാരേയും തടയുന്നതും ആക്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 124 -ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. തടവിന് പുറമെ പിഴയും ചുമത്താവുന്നതാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഇന്നലെ മൂന്നിടങ്ങളില്‍ തടഞ്ഞിട്ടും ഈ വകുപ്പ് പോലീസ് ചുമത്തിയിട്ടില്ല. അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ്‌സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തി, വാഹനഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. എസ്എഫ്‌ഐക്കാര്‍ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് എഫ്‌ഐആറിലെ പരാമര്‍ശം. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞ് അതില്‍ അടിച്ചിരുന്നു. 12 എസ്എഫ്‌ഐക്കാര്‍ക്കെതിരെ ഐപിസിയിലെ 143, 147, 149, 283, 353 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗവര്‍ണറുടെ വാഹനത്തിന്റെ ചില്ലില്‍ എസ് എഫ് ഐ ക്കാര്‍ ഇടിച്ചുവെന്ന് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് ചുമത്തിയത് വധശ്രമക്കുറ്റമാണ്. ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതിനെതിരെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രൂക്ഷമായ വിമര്‍ശനമാണുയര്‍ത്തിയത്.

സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരില്‍ ചിലരാണ് എസ്എഫ്ഐ ക്കാര്‍ക്ക് ഗവര്‍ണറുടെ യാത്രാ വിവരം ചോര്‍ത്തിയതെന്ന ആരോപണം ശക്തമാണ്. പോലീസ് സംഘടന ഭാരവാഹികളില്‍ ഒരാളാണ് ചോര്‍ത്തല്‍ നടത്തിയതെന്നും ആരോപണമുണ്ട്. എസ്എഫ്ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും കാറിനുമുന്നില്‍ ചാടിവീഴുകയും ചെയ്തത് വലിയ സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തുന്നത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണര്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കാനാകാത്തതും റൂട്ട് പുറത്തായതും ഗൗരവമായിത്തന്നെയാണ് കാണുന്നത്.

തനിക്കെതിരെയുണ്ടായ എസ്എഫ്‌ഐ അക്രമം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊലീസ് വാഹനത്തില്‍ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top