108ലേക്ക് വ്യാജവിളികൾ; തടയാനുള്ള നീക്കത്തോട് മുഖംതിരിച്ച് പോലീസ്; മനുഷ്യാവകാശ കമ്മിഷൻ വീണ്ടും ഇടപെടും
.
അടിയന്തര സേവന നമ്പറായ 108ലേക്ക് വരുന്ന അനാവശ്യ കോളുകൾ നിയന്ത്രിക്കാൻ മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിവച്ച ശ്രമങ്ങളോട് മുഖംതിരിച്ച് പോലീസ്. വിഷയം പഠിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ട് രണ്ടു മാസം എത്തുമ്പോഴും അത് പാലിക്കാതെ സംസ്ഥാന പോലീസ് മേധാവി. ഇതേ കാര്യത്തിന് വീണ്ടും കത്ത് നൽകാനാണ് കമ്മിഷന്റെ നീക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തിര സേവന നമ്പറായ 108ലേക്ക് എത്തുന്ന വ്യാജകോളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കഴിഞ്ഞ ഒക്ടോബർ 30നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തായിരുന്നു കമ്മിഷൻ നടപടി തുടങ്ങിയത്.
വ്യാജ കോളുകൾ 108 സർവീസുകളുടെ സുഗമമായ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന നിലയായിട്ടുണ്ട്.2020 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ വരെ 45,32,000 കോളുകളാണ് 108ൻ്റെ കോൾ സെൻ്ററുകളിലേക്ക് എത്തിയത്. ഇതിൽ 27,93,000 കോളുകളും അനാവശ്യമായിരുന്നു. പലപ്പോഴും കോൾ എടുക്കുമ്പോൾ മറുഭാഗത്ത് നിന്ന് അസഭ്യവർഷമാണ് ഉണ്ടാകാറ്. വനിതകളാണ് ഫോൺ എടുക്കുന്നതെങ്കിൽ സംസാരിക്കുന്നവരുടെ ടോൺ മാറുന്നതായി പോലും പരാതി ഉണ്ടായിട്ടുണ്ട്. സംശയ ദൂരീകരണത്തിന് വിളിക്കുന്നവരും ഉണ്ട്. തമാശ കോളുകൾ തിരിച്ചറിയാൻ കഴിയാതെ ആംബുലൻസുകൾ ഓടേണ്ടിവരുമ്പോൾ അടിയന്തിര ഘട്ടത്തിലെ ജീവൻ രക്ഷാ പ്രവർത്തനത്തിനാണ് തടസ്സമാകുന്നത്.
നക്ഷത്ര ആമയെ മൃഗാശുപത്രിയിൽ കൊണ്ടുപോകാനാണ് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് നിന്നൊരാൾ 108ൽ വിളിച്ചത്. അതുപക്ഷെ ആംബുലൻസ് സ്ഥലത്തെത്തിയ ശേഷമാണ് പറയുന്നത്. മദ്യപിച്ച് ലക്കുകെട്ടവരും കുട്ടികളും 108ലേക്ക് വിളിക്കാറുണ്ട്. മാതാപിതാക്കൾ ലോക്കുചെയ്ത് കുട്ടികൾക്ക് കളിക്കാനായി നൽകിയ ഫോണിൽ നിന്നും വിളി 108ലേക്ക് എത്തുമ്പോൾ അറ്റൻഡ് ചെയ്യുന്നവർ നിസഹായരാകും. ഫോൺ ലോക്കുചെയ്താലും അടിയന്തിര സേവന നമ്പരായതിനാൽ 108ലേക്ക് കോൾ പോകുമെന്ന് പലർക്കുമറിയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here