മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പോലീസ്; ഏഴുകോടി മുടക്കിയ പരാതിക്കാരന് ഒന്നും തിരിച്ചുനൽകിയില്ല; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ നടത്തിയത് ആസൂത്രിത സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്. സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവർക്കെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. 22 കോടിയെന്ന് കള്ളം പറഞ്ഞാണ്, ഒരുവിഹിതമായി ഏഴുകോടി രൂപ പരാതിക്കാരൻ്റെ പക്കൽനിന്ന് വാങ്ങിയത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് വിശ്വസിപ്പിച്ച് ഈ തുക വാങ്ങിയെടുത്തു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തെങ്കിലും ഒരു തുകയും സൗബിന്റെ പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും ഹൈക്കോടതില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് പരാതിയുമായി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും നാല്‍പതുകോടി രൂപയുടെ അക്കൗണ്ട് ആയിരുന്നു സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്.

നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നായിരുന്നു ഹര്‍ജി. സിനിമ ഇതുവരെ ആഗോളതലത്തില്‍ 220 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി 20 കോടിയോളം നേടിയെന്നും ഹര്‍ജിയില്‍ പറയുന്നു. നിര്‍മാതാക്കള്‍ യാതൊരു തുകയും ചിലവാക്കിയിട്ടില്ലെന്നും സിനിമക്ക് നിര്‍മാണ ചിലവ് ആകെ 22 കോടി രൂപ വരുമെന്ന് പറഞ്ഞാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയതില്‍ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ ഒന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മലയാളത്തില്‍ മാത്രമല്ല തമിഴ് അടക്കം ഇതര ഭാഷകളിലും വന്‍ ഹിറ്റ് ആണ് സിനിമ. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താതെയും അവിടെ വമ്പന്‍ ഹിറ്റാകുന്നുവെന്ന അപൂര്‍വനേട്ടമാണ് ഈ സിനിമക്ക് ഉണ്ടായത്. സാധാരണ പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ ശോഭ കെടുത്തുംവിധമാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഇപ്പോൾ വളർന്ന് വികസിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top